'കൂടത്തായി'യിൽ മോഹൻലാൽ; വാർത്ത കണ്ട് ഞെട്ടി; വെട്ടിലായെന്ന് നടി; കുറിപ്പ്

കൂടത്തായ് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന് സിനിമ നിർമ്മിക്കുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ ഇനി എന്ത് ചെയ്യുമെന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയൽ. കാരണം അതേ പേരിൽ അതേ വിഷയം സിനിമയാക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ഡിനിയും സംഘവും. കൂടത്തായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോളിയായി എത്തുന്നത് ഡിനി ആയിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി. 

തന്റെ ആശങ്ക ഡിനി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. 

മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും. ഇതായിരുന്നു വാർത്ത. 

സിനിമയെപോലും െവല്ലുന്ന സംഭവങ്ങളായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകത്തിൽ അരങ്ങേറിയത്. പതിനേഴ് വർഷങ്ങൾക്കിടെ ആറ് മരണങ്ങൾ. ഇതിനിടെ കൊലപാതക കുറ്റത്തിന് ജോളിയും അറസ്റ്റിലായതോടെ കൂടത്തായി ദേശീയശ്രദ്ധ നേടിയ കേസ് ആയി മാറി. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും സജീവമായിരുന്നു. അതിനിടെയാണ് സംഭവം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്.