‘മേരിക്കുട്ടി’ക്ക് അന്താരാഷ്ട്ര അംഗീകാരം; അമേരിക്കൻ മേളയിൽ മികച്ച നടനായി ജയസൂര്യ

യുഎസിലെ സിൻസിനാറ്റിയിൽ വെച്ച് നടത്തിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയില്‍ ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു.‘ ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. സാമൂഹിക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന മേളയാണിത്. തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളള സിനിമകളാണ് മത്സരത്തിനെത്തുന്നത്. 

ഇന്ത്യയിൽ നിന്ന് 500 ഓളം സിനിമകൾ മേളയിലെത്തി. ബംഗ്ലാദേശ്,പാകിസ്ഥാൻ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും മത്സരത്തിനെത്തി. ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവർത്തകർക്കും നന്ദിയും അറിയിച്ചു.

സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരമടക്കം നേടിയിട്ടുണ്ട്് 2018ൽ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന ട്രാൻസ്ജെൻഡർ കഥാപാത്രം.