‘ഞങ്ങളുടെ മകൻ ഉണ്ണി; തേങ്ങലാണ് ഹൃദയത്തിൽ അവന്റെ ഓർമ;’അന്ന് കണ്ഠമിടറി സത്താർ

മലയാള സിനിമയിലെ പഴയകാല വില്ലൻ സത്താർ വെള്ളിത്തിരയ്ക്കകത്ത് മാത്രമല്ല പുറത്തും അസാമാന്യ ധൈര്യത്തിനുടമയായിരുന്നു. തന്റെ രോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും ആ ധൈര്യം സ്പഷ്ടമാണ്.‘ രണ്ട് കിഡ്നി ഇനി നിനക്ക് ഭാരമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഒരു കിഡ്നി എടുത്ത് കളഞ്ഞു.’ ഇത്ര നിസ്സാരമായി കാര്യങ്ങളെ കണ്ട ആ നടന് പക്ഷേ എന്നുമെന്നും നീറുന്ന വേദനയായിരുന്നു മകൻ ഉണ്ണി. മകനെ പിരിഞ്ഞുള്ള ജീവിതം സത്താറിനെ എന്നും വേദനിപ്പിച്ചിരുന്നു. 2011ൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സത്താർ ജയഭാരതിയുമായുള്ള ബന്ധത്തെക്കുറിച്ചും മകനെക്കുറിച്ചും വാചാലനായി.

താനും ഭാര്യ ജയഭാരതിയും പിരിഞ്ഞ് താമസിക്കുന്ന കാരണങ്ങളൊന്നും ആരുടും പറയാൻ താൽപ്പര്യപ്പെടാത്ത സത്താർ ജയഭാരതിയെ ന്യായീകരിക്കാനും പലപ്പഴും ശ്രമിച്ചു‘.എന്റെ പോലെ ന്യയങ്ങൾ ഭാരതിക്കും കാണും.ഞാൻ ഒരു ശരിയായ ചോയ്സ് അല്ലെന്നു തോന്നിയേക്കാം. പിന്നെ ഞാൻ സാമാന്യം ഒരു ഉഴപ്പനായിരുന്നു’ എന്നും പറയുന്നു സത്താർ.

മകനെക്കുറിച്ചോർക്കുമ്പോൾ എന്റെ ഹൃദയത്തിൽ തേങ്ങലുണ്ട്.ഏറെ സുഖമുള്ള ഓർമകളും കൂട്ടിനുണ്ട്. ചെന്നൈയിലെ ജിജി ഹോസ്പിറ്റലിൽ സിസേറിയനിലൂടെ ഈ ലോകത്തേക്ക് കൊണ്ടുവന്നതും ,ഷൂട്ടിങ്ങിന് കൊണ്ടു വന്ന് ആനപ്പുറത്ത് കയറ്റിയത്, അവനെ കുളിപ്പിച്ചത്, ഡോൺബോസ്കോ സ്കൂളിൽ അവന് ചോറ് കൊണ്ടു പോയി കൊടുത്തത്, ആലുവയിലെ വീട്ടിൽ പാടത്ത് പോത്തിന്റെ മുകളിൽ കയറ്റിയത് ...ഇതെല്ലാം പറഞ്ഞ് തീർന്നപ്പോഴേക്കും സത്താറിന്റെ വാക്കുകൾ ഇടറി.