മോഹൻലാലിന്റെ കാൽതൊട്ട് വണങ്ങി ധനുഷ്; സൈമയിൽ തിളങ്ങി താരങ്ങൾ; വിഡിയോ

സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 ദോഹയില്‍ വിതരണം ചെയ്തു. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്കാരം മോഹന്‍ലാലിനു ലഭിച്ചു.

പുരസ്കാരം വാങ്ങാനായി വേദിയിലെത്തുന്നതിന് മുൻപ് തമിഴ് നടൻ ധനുഷ് മോഹൻലാലിന്റെ കാൽ തൊട്ട് വണങ്ങുന്നുണ്ട്. അതിന് ശേഷം ഇരുവരും ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം. പുരസ്കാരം ഏറ്റുവാങ്ങിയ മോഹൻലാൽ കേരളം വലിയ ഒരു ദുരിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണെന്നും പറയുന്നുണ്ട്. 

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍(കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുത്തു

തെലുങ്കിൽ കീർത്തി സുരേഷ് ആണ് മികച്ച നടി. ചിത്രം മഹാനടി. രംഗസ്ഥലാമിലെ അഭിനയത്തിന് രാം ചരൺ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങില്‍ ആദ്യ ദിവസം തെലുങ്ക് കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് എന്നീ ഭാഷകളിലെയും പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. കന്നഡയില്‍ കെജിഎഫിലെ പ്രകടനത്തിന് യാഷ് മികച്ച നടനായി.