പുരസ്കാര നിറവിലും മുന്നിൽ പ്രളയഭീതി; മാങ്കാവിലെ വീട്ടിൽ സാവിത്രി ശ്രീധരൻ

 ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിലെങ്കിലും കനത്ത മഴ തീർക്കുന്ന പ്രളയഭീതിയിലാണ് സാവിത്രി ശ്രീധരൻ. അവാർഡ് നേട്ടത്തില്‍ സന്തോഷമുണ്ട്. നന്ദി പറയുന്നത് ‘സുഡാനി ഫ്രം നൈജീരിയ’ സിനിമാ പ്രവർത്തകർക്കും നാടകവേദിയിൽ തന്നെ വളർത്തി വലുതാക്കിയ കോഴിക്കോട്ടെ നാടക പ്രവർത്തകർക്കും. തിരുവണ്ണൂരിലെ വീട്ടിൽ മക്കളോടും കൊച്ചുമക്കളോടും കൂടെ കഴിയുന്ന കലാകാരിക്ക് മഴയുടെ ദുരിതത്തിൽ വീട്ടിൽ വൈദ്യുതി ബന്ധം അറ്റതിനാൽ അവാർഡ് പ്രഖ്യാപനം ടിവിയിൽ കാണാനായില്ല. 

സുഹൃത്തുക്കളായ നാടക പ്രവർത്തകർ വിളിച്ചു പറഞ്ഞാണ് സിനിമയിലെ ഉമ്മ വേഷത്തിനു ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശമുണ്ടെന്ന വിവരം അറിഞ്ഞത്. ‘വളരെ സന്തോഷമുണ്ട്. അവാർഡ് വിവരം അറിഞ്ഞ് നടൻ മോഹൻലാൽ അഭിനന്ദനം അറിയിക്കാൻ വിളിച്ചിരുന്നു’– അവർ പറഞ്ഞു. 

വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു. വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാംപിലേയ്ക്കോ മാറാനുള്ള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവും. മകന്‍ സുനീഷിനൊപ്പമാണ് താമസം.