‘പേരന്‍പി’നായി ആരാധകരുടെ രോഷം; മമ്മൂട്ടി ക്ഷമ ചോദിച്ചെന്ന് ജൂറി ചെയര്‍മാന്‍

‘സാർ, മാപ്പ്. എനിക്ക് ഇതിനെക്കുറിച്ച് വിവരമൊന്നുമില്ല. എന്നാലും സംഭവിച്ചതിനെല്ലാം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’ മികച്ച നടനുള്ള പുരസ്കാരം എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് കൊടുത്തില്ല എന്ന് ചോദിച്ച് ദേഷ്യപ്പെട്ട ആരാധകരുടെ വിഷയത്തില്‍ മമ്മൂട്ടി ക്ഷമ ചോദിച്ചതായി ജൂറി ചെയര്‍മാന്‍. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് മമ്മൂട്ടിയെയും ‘പേരന്‍പ്’ സിനിമയെയും തള്ളിയതില്‍ പ്രതിഷേധിച്ച് മമ്മൂട്ടി ആരാധകർ ഇന്നലെ മുതൽ ചെയർമാന്റെ പേജില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ തന്റെ പേജില്‍ മമ്മൂട്ടി അയച്ച മെസേജ് പോസ്റ്റ് ചെയ്തത്.

ഫാന്‍സിന്റെ ഭാഗത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച് രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് നേരത്തെ സന്ദേശമയച്ചിരുന്നു. ഈ സന്ദേശത്തിന് മറുപടിയായാണ് മമ്മൂട്ടി ക്ഷമാപണം നടത്തിയതായി രാഹുല്‍ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. മമ്മൂട്ടിക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് നല്‍കിയില്ല എന്ന് ചോദിച്ചുകൊണ്ട് ഫാന്‍സിന്റെ ഭാഗത്തുനിന്ന് നിരവധി മോശം കമന്റുകളാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ പറ​ഞ്ഞിരുന്നു.

‘ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. താങ്കളുടെ ചിത്രമായ ‘പേരന്‍പ്’ പ്രാദേശിക സിനിമകളുടെ പട്ടികയില്‍ നിന്ന് തന്നെ ആദ്യമേ പുറത്തായിരുന്നു. അവസാന പട്ടികയില്‍ അതിനാല്‍ തന്നെ ‘പേരന്‍പ്’ ഉണ്ടായിരുന്നില്ല. ഇത്രയും തരംതാണ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ആരാധകര്‍ എന്ന് പറയുന്നവര്‍ നിര്‍ത്തണം’. മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ രാഹുല്‍ റവൈല്‍ പറയുന്നു. പേരൻപിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുമെന്നായിരുന്നു മലയാളത്തിന്റെ പ്രതീക്ഷ.

തനിക്ക് അറിയാവുന്ന വിഷയം അല്ലാതിരുന്നിട്ടും ക്ഷമ പറഞ്ഞ മമ്മൂട്ടിയുടെ നിലപാട് സമൂഹമാധ്യമത്തില്‍ നല്ല വാക്കുകളില്‍ നിറയുകയാണ്.