പിരിഞ്ഞതിന്റെ അർഥം വെറുക്കുന്നുവെന്നല്ല; മലൈക എന്റെ മകന്റെ അമ്മ: അർബാസ്

19 വർഷം നീണ്ട വിവാഹജീവിതമാണ് 2017ൽ അർബാസ് ഖാനും മലൈക അറോറയും അവസാനിപ്പിച്ചത്. പരസ്പരം ഒരു കൂരയക്ക് താഴെ ഒന്നിച്ച് പോകാൻ സാധിക്കാതിരുന്നതിനാൽ എടുത്ത തീരുമാനമെന്നാണ് മലൈ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. ആദ്യമായി അർബാസും വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

പരസ്പരം ഒരുപാട് ഓർമകളുള്ള ഒരുപാട് വർഷങ്ങൾ ഒരുമിച്ച് പങ്കുവെച്ചവരാണ് ഞങ്ങൾ. ഏറ്റവും പ്രധാനം ഞങ്ങളെ ഇപ്പോഴും ഒന്നിപ്പിക്കുന്ന ഒരു കണ്ണി, ‍ഞങ്ങളുടെ മകൻ ഇടയിലുണ്ട്. അതുകാരണം ഞങ്ങൾക്കിടയിൽ ബഹുമാനം നിലനിൽക്കുന്നുണ്ട്. പൊരുത്തക്കേടുകളെ തുടർന്നാണ് വിവാഹബന്ധം വേർപ്പെടുത്തിയത്. അതിന്റെയർഥം ഞങ്ങൾ പരസ്പരം വെറുക്കുന്നു എന്നല്ല. ബഹുമാനത്തോടെ തന്നെയാണ് തീരുമാനത്തെ സമീപിച്ചത്.

മലൈകയുമായും കുടുംബവുമായും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. മകനാണ് ഇപ്പോഴും ഒന്നിപ്പിച്ച് നിർത്തുന്ന ഘടകം. കുറച്ചുകൂടി വളർന്നുകഴിഞ്ഞാൽ അവന് കാര്യങ്ങൾ വ്യക്തമാകും.

വിവാഹമോചനത്തിന് തലേദിവസം ഏറെ നിർണായകമായിരന്നുവെന്ന് മലൈക നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ തീരുമാനം വീട്ടുകാരെ അറിയച്ചപ്പോൾ അവർ ഒപ്പം നിൽക്കാൻ തയാറായെന്നും മലൈക പറഞ്ഞു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവർ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു.