‘അവര്‍ മോശം അവസ്ഥയിൽ കൂടെ നിന്നു; നല്ല കാലത്തും ഒപ്പമുണ്ട്’; തുറന്നുപറഞ്ഞ് ടൊവിനോ

അഭിനയിച്ച 90 സിനിമകളും നവാഗത സംവിധായകരുടേതിൽ സന്തോഷമുണ്ടെന്ന് നടൻ ടൊവിനോ തോമസ്. കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും മാർക്കറ്റ് ചെയ്യപ്പെടാതെ പോകുന്നുവെന്നും ടൊവിനോ സിനിമാ പാരഡൈസോ ക്ലബ്ബിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

''ഞാൻ ചെയ്ത 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്. എനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാകാം ഒരുപക്ഷേ. മാത്രമല്ല, ഞാൻ വർക്ക് ചെയ്ത ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവർത്തിച്ചവർ പിന്നീട് സംവിധായകരായിട്ടുണ്ട്. എന്റെ മോശം അവസ്ഥയിൽ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയിൽ എനിക്കൊപ്പം വേണ്ടത്. അത് ഞാൻ എപ്പോഴും ഉറപ്പുവരുത്താറുണ്ട്. 

''എനിക്കതിൽ സന്തോഷമുണ്ട്. സുഹൃത്തുക്കളായതുകൊണ്ട് തന്നെ ഒരു കഥ എന്നോടുപറയുമ്പോൾ അതിൽ അഭിപ്രായം പറയാനുള്ള സ്പേസ് കിട്ടാറുണ്ട്. പ്രേക്ഷകന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കാറുണ്ട്. എന്റെ ജോലിയല്ല അത്, സുഹൃത്തുക്കളായതുകൊണ്ട് പറയുന്നതാണ്. അങ്ങനെയൊരു സ്പേസ് കിട്ടുന്നത് നല്ലതാണ്. 

‘ആഷിക് അബു ശ്യാം പുഷ്കരൻ അവരുടെ സിനിമകളിൽ വിളിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. അവർക്കൊപ്പം സിനിമ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. അവർക്കൊപ്പം സിനിമ ചെയ്യുമ്പോൾ സുരക്ഷിത സ്ഥലത്താണ് ചെന്നിരിക്കുന്നത് എന്ന് തോന്നാറുണ്ട്. കാരണം ബാക്കിയെല്ലാം അവരെന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. അവർ പറയുന്നത് വൃത്തിയായി ചെയ്യുക എന്നതുമാത്രമാണ് ജോലി. സിനിമ ചെയ്തുണ്ടായ സൗഹൃദങ്ങളാണ് ആഷികും ശ്യാമേട്ടനുമൊക്കെ. 

''ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാൻ ഞാൻ നോക്കാറില്ല. എന്നെക്കാൾ നന്നായി ആ റോൾ ചെയ്യാൻ പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം. കഴിവിന്റെ പരമാവധി ആ സിനിമയെ പിന്തുണക്കാൻ നോക്കും''

''പല കഥാപാത്രങ്ങളും ചെയ്തുതീർക്കുമ്പോൾ അവരുടെ ജീവിതം ജീവിച്ചുതീർത്തപോലെ തോന്നും. അതുപോലെയായിരുന്നു മാത്തനും. മാത്തൻ മരിക്കുമ്പോൾ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. നമ്മളെക്കൂടി ഉൾപ്പെടുത്തിയായിരുന്നു ആ സിനിമയുടെ കഥ മുന്നോട്ടുപോയത്. ഷൂട്ടിങ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ ആഷിഖേട്ടൻ കാണണമെന്ന് പറഞ്ഞു. എന്നെ പറഞ്ഞുവിട്ട് വേറെ ആരെെയങ്കിലും വെക്കാനാണെന്ന് കരുതി. പക്ഷേ സിനിമയിൽ ഞാൻ ഓകെ ആണോ എന്നറിയാനായിരുന്നു ആ വിളി. ഒരുപാട് പേർ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം മാത്തൻ ആണെന്ന് തോന്നുന്നു.’ ടൊവീനോ പറഞ്ഞു.