സത്യം എല്ലാവർക്കും അറിയാം; വിവാദത്തിനില്ല: ഷമ്മി തിലകന് പറയാനുള്ളത്: അഭിമുഖം

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഇന്നലെ നടന്ന മീറ്റിങ്ങിൽ പങ്കെടുത്ത വിവരം അറിയിച്ച് നടൻ ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 'പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!' എന്നാണ് ഷമ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകൻ പങ്കെടുക്കുന്നത്. സംഘടനയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വർഷങ്ങൾക്ക് ശേഷമുള്ള അനുഭവത്തെക്കുറിച്ചും ഷമ്മി തിലകൻ മനോരമ ന്യൂസ് ഡോട് കോമിനോട് മനസ്സ് തുറക്കുകയാണ്.

അമ്മയിലെ മാറ്റം

സംഘടനയ്ക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നു. 10 വർഷം മുന്‍പ് കണ്ട അമ്മ വലുതായി. ഈ സംഘടന തുടങ്ങുമ്പോൾ അതിൽ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഞാൻ. ഇന്ന് ഈ നിലയിൽ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. അംഗബലം കൂടിയിരിക്കുന്നു. അംഗങ്ങൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിലെ താൽപര്യവും ആവേശവും വലുതാണ്. വിട്ടുനിൽക്കുമ്പോഴല്ലം നമ്മൾ പങ്കെടുക്കുന്നതിന്റെ മഹാത്മ്യം മനസ്സിലാകുകയുള്ളു. എല്ലാവരും വളരെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചാണ് എന്നെ സ്വീകരിച്ചത്.

സത്യം എല്ലാവർക്കും അറിയാം, വിവാദത്തിനില്ല

അച്ഛനെ പുറത്താക്കിയതാണോ മാറിനിന്നതാണോ എന്ന വിഷയമൊക്കെ ഇപ്പോൾ പറയുന്നതിൽ പ്രസക്തിയില്ല. കാരണം സത്യം എല്ലാവർക്കും അറിയുന്നതാണ്. അത് പാലു പോലെ വെളുത്തതാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അതിനെക്കുറിച്ച് പറഞ്ഞ് വിവാദമാക്കാൻ താൽപര്യമില്ല. ഇക്കാര്യത്തിൽ ഞാൻ അനാവശ്യ ഘടകമാണ്. അച്ഛമുണ്ടായിരുന്നപ്പോഴും എന്റെ നിലപാട് അതായിരുന്നു. ഞാൻ ഇതിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ലല്ലോ. പത്തു വർഷം മാറി നിന്നതും എന്‍റെ നിലപാടിന്റെ ഭാഗമായിരുന്നു. മാറി നിന്ന കാരണത്തിന് പരിഹാരം കണ്ടെത്തിയതുകൊണ്ടാണ് തിരികെ എത്തിയത്. 

അവർ സഹോദരങ്ങൾ; പക്ഷം ചേർന്ന നിലപാടില്ല

ഒരു വീട്ടിൽ സഹോദരങ്ങളും അച്ഛനുമൊക്കെ തമ്മിലുള്ള തർക്കം മാത്രമായിരുന്നു അന്നത്തെ പ്രശ്നങ്ങൾ. അന്നും പലരും എന്നോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. അവരോട് ഞാൻ പറയുന്നത് ഇതായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മകനാണ്. പക്ഷേ മലയാള സിനിമയിൽ തിലകൻ എന്ന നടന്റെ മകനായ കഥാപാത്രം എന്നെക്കാൾ കൂടുതൽ കൈകാര്യം ചെയ്തിട്ടുള്ളത് മമ്മൂട്ടിയും മോഹൻലാലും ദിലീപും ജയറാമുമൊക്കെയാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇവരെല്ലാം സഹോദര സ്ഥാനത്താണ്. എന്റെ വീട്ടിൽ നടക്കുന്ന ഒരു പ്രശ്നം ആയിട്ടേ അതിനേ കാണാനാകൂ. അവിടെ എനിക്ക് പ്രസക്തി ഇല്ല. അവരുടെ പക്ഷം പിടിച്ച് അച്ഛനോടോ അച്ഛന്റെ പക്ഷം പിടിച്ച് അവരോടോ എനിക്ക് തർക്കത്തിന് നിൽക്കൊനൊക്കില്ല. അതു തന്നെയായിരുന്നു എന്റെ നിലപാട്. എനിക്ക് പറയേണ്ട കാര്യങ്ങൾ ഞാൻ പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്. അത് പരസ്യമാക്കിയിട്ടില്ല. അമ്മ സംഘടയുടെ അച്ചടക്കമുള്ള മകനായി തന്നെയാണ് നിലകൊണ്ടത്. 

അമ്മയുടെ നന്മയും വാർത്തയാകണം

സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ എന്തെല്ലാം നല്ല കാര്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അതൊന്നും മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല എന്ന പരാതി എനിക്കുണ്ട്. നല്ല കാര്യങ്ങൾ ചെയ്തതും പുറത്തു വണം. വിമർശനം മാത്രമാണ് വരുന്നത്. നല്ലതിനെതിരെ കണ്ണടയ്ക്കുന്നതിൽ എനിക്ക് വിഷമമുണ്ട്. സംഘടനയെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. ശത്രുവാണെങ്കിൽ പോലും ചെയ്യുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ അതിനെ അംഗീകരിക്കുന്നയാളാണ് ഞാൻ. വലിയ നന്മയാണ് സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

രേവതിയും പാർവതിയും മീറ്റിങ്ങിൽ എത്തിയതും എന്നെ പോലെ തന്നെയാണ്. അവരും എന്നെപ്പോലെ രാജിവച്ച് മാറി നിന്നവരല്ല. തിരിച്ചു വന്നത് നല്ല കാര്യമാണ്. സംഘനയിലെ അംഗങ്ങളായി തന്നെയാണ് അവർ വന്നത്. അവർക്ക് എപ്പോൾ വേണമെങ്കിലും സംഘടനയിൽ വരാമല്ലോ. പുതിയ ആൾക്കാരെ പരിചയപ്പെടാൻ സാധിച്ചു. ഇങ്ങനെയുള്ള കൂട്ടായ്മകളും ചർച്ചകളും ആവശ്യം തന്നെയാണ്. ഇതിലൂടെയാണ് നമ്മൾ ജനകീയമാകുന്നത് എന്ന് പറഞ്ഞാണ് ഷമ്മി തിലകൻ അവസാനിപ്പിച്ചത്.