ഇഷ്ക് ഒരു പ്രണയകഥയല്ല; പൊള്ളുന്ന സാമൂഹ്യചിത്രം; കയ്യടിപ്പിച്ച് യുവതാരചിത്രം

‘ഇഷ്ക് ഒരു പ്രണയകഥയല്ല..’ എന്ന ചിത്രത്തിന്റെ ടാഗ്​ലൈനിനോട് അത്രമാത്രം ആത്മാർഥ കാണിച്ചിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തും. പിന്നെ എന്താണ് ഇഷ്ക് എന്ന ചോദ്യത്തിന് പടം കണ്ടിറങ്ങുന്നവന്റെ മറുപടി ഇത് ചൊറിച്ചിലിനുള്ള മരുന്നാണ് എന്നായിരിക്കും. മലയാളിയുടെ മുഖത്തോട് ചേർത്ത് പിടിച്ച കണ്ണാടിയാണ് ഇഷ്ക്. സച്ചിതാനന്ദൻ എന്ന ഷെയ്നിന്റെ കഥാപാത്രം ബഹുഭൂരിപക്ഷം കാമുകൻമാരുടെയും പ്രതിനിധിയാണ്. ഇത്തരത്തിൽ പ്രണയത്തെയും സമൂഹത്തെയും കൂട്ടിചേർത്ത ഒരു കിസ്മത്താകുന്നു ഇൗ ഇഷ്ക്.

പ്രണയത്തിന്റെ എല്ലാ അമ്പരപ്പും നിഷ്കളങ്കതയും വേണ്ടുവോളം ആസ്വദിക്കാം ചിത്രത്തിൽ. സാധാരണക്കാരന്റെ കാമുകസങ്കൽപ്പങ്ങളോട് നീതി പുലർത്തി ഷെയ്ൻ മുൻപ് ചെയ്തിട്ടുള്ള വേഷങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തനാവില്ല ഇൗ ചിത്രത്തെ. കുമ്പളങ്ങി നൈറ്റ്സിലെ ബോബിയിൽ നിന്നും ഇഷ്കിലെ സച്ചിയിലെത്തുമ്പോൾ അയാളിൽ കാതലായ ‘കാതലിന്റെ’ മാറ്റങ്ങളും കാണാം. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനം ചിത്രത്തെ പൂർണമായും നിയന്ത്രിക്കുന്നു. അയാളിൽ തുടങ്ങി അയാളിൽ അവസാനിക്കുന്നു ഇഷ്ക്. ഷൈനിനൊപ്പം ജാഫർ ഇടുക്കിയും സദാചാരവാദികളുടെ മുഖമാകുന്നു. 

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അതുകാണുന്ന ചിലർക്ക് ഉണ്ടാകുന്ന ചൊറിച്ചിലിന് കൊടുക്കുന്ന മറുമരുന്നാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ നായികയായ വസു എന്ന കഥാപാത്രത്തെ ആൻ  മികച്ച കയ്യടക്കത്തോടെ ഗംഭീരമാക്കി. തുടക്കത്തിൽ അവളുടെ പ്രണയം നിറഞ്ഞ കണ്ണുകൾ പ്രേക്ഷകനെ അവളിലേക്ക് വല്ലാതെ അടുപ്പിക്കുന്നുണ്ട്. കാമുകീ–കാമുക സല്ലാപത്തിൽ തികഞ്ഞ സ്വാഭാവികതയോടെ തന്നെ വസു നിറയുന്നു. എന്നാൽ പ്രതികരിക്കാനാവാതെ നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ ആ കണ്ണുകളിൽ അങ്ങേയറ്റത്തെ നിസഹായവസ്ഥ വെളിവാക്കുന്നു. തുടക്കത്തിൽ പ്രണയം കണ്ണിലാണെന്ന് പറയാൻ പ്രേരിപ്പിച്ച വസുവിന്റെ കഥാപാത്രം ക്ലൈമാക്സിൽ പ്രണയം ഉറച്ച നിലപാടുകളിലാണെന്ന് പറഞ്ഞുവയ്ക്കുന്നു.

ആദ്യ പകുതിയിലെ തിരക്കഥയിലെ പോരായ്മ സംവിധായക മികവിലൂടെ അനുരാജ് മനോഹർ മറികടക്കുന്നു. രണ്ടാം പകുതിയിൽ കാത്ത് വച്ച അമ്പരപ്പിന്റെ ചെറിയ സൂചന പോലും നൽകാതെ ആദ്യ പകുതി അവസനിപ്പിക്കുന്നു. അവിടെ വിധിയെഴുതിയാൽ ഇഷ്ക് രുചിക്കാൻ കഴിയില്ല. സച്ചി എന്ന കാമുകന്റെ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യമാകുന്നത് രണ്ടാം പകുതിയാണ്. അവിടെ സംവിധായകന്റെ മികവ് പ്രകടമാണ്. കയ്യടക്കം വ്യക്തമാണ്. കാമുകന്റെയോ കാമുകിയുടെയോ കാഴ്ചപ്പാടല്ല ഇഷ്ക് പറയുന്നത്. മറിച്ച് പടം കാണുന്നവരുടെ കണ്ണിലൂടെയാണ് സിനിമ മുന്നേറുന്നത്. ആൽബിനും സച്ചിയും വസുവും എല്ലാം നമ്മളാണെന്ന ചിന്തയിൽ പ്രേക്ഷകന് തിയറ്റർ വിട്ടിറങ്ങാം.