താരസമ്പന്നമായ പുരസ്കാര നിശയ്ക്ക് അരങ്ങൊരുങ്ങി; മഴവില്‍ മനോരമ അവാര്‍ഡ് നൈറ്റ്

താരസമ്പന്നമായ പുരസ്കാര നിശയ്ക്ക് അരങ്ങൊരുക്കി അങ്കമാലി. മഴവില്‍ മനോരമയുെട  പ്രഥമ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റ് ഇന്ന് അങ്കമാലിയില്‍ അരങ്ങേറും. ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരുടെ കൂട്ടായ്മ കൂടിയായി അവാര്‍ഡ് നിശ മാറും.  

കേരളത്തിലെ ഏറ്റവും വലിയ താരനിശയ്ക്കാണ് അങ്കമാലി അഡ്്്ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ വേദിയൊരുങ്ങുന്നത് . ജനപ്രീതികൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവര്‍ക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഒപ്പം ഡിജിറ്റല്‍ മേഖലയില്‍ ആസ്വാദകരെ സ്വന്തമാക്കിയവര്‍ക്കും വേദി അംഗീകാരമൊരുക്കും. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും മലയാളത്തിന്‍റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും  മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനുമാണ് പുരസ്കാര വേദിയിലെ മുഖ്യാകര്‍ഷണങ്ങള്‍ . ഇവര്‍ക്കൊപ്പം മലയാളത്തിലെയും മറ്റ് തെക്കേ ഇന്ത്യന്‍ ഭാഷകളിലെയും ബോളിവുഡിലെയും പ്രഗല്‍ഭരും താരനിശയുടെ മാറ്റു കൂട്ടാെനത്തും.  ബോളിവുഡ്  നക്ഷത്രങ്ങളായ സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, മലൈക അറോറ ഉള്‍പ്പെടെയുള്ളവര്‍ നൃത്തവിരുന്നൊരുക്കും. താരസമ്പന്നമായ വേദിയില്‍ അവതാരകനാവുക കുഞ്ചാക്കോ ബോബനാകും. ഇന്ന് വൈകിട്ട് 5.30 നാണ് പുരസ്കാര നിശയ്ക്ക് തിരിതെളിയുക.