ആ ലൂസിഫറല്ല ഈ ലൂസിഫർ; ലാലേട്ടനും രാജുവും മികച്ച തിരഞ്ഞെടുപ്പ്: മുരളിഗോപി

ലൂസിഫർ എന്ന സിനിമക്ക് ആ പേരിട്ടത് കൃത്യമായ കാരണമുള്ളതു കൊണ്ടാണെന്നും എന്നാൽ ബൈബിൾ കഥയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമയുടെ പേരുകൾ എപ്പോഴും പ്രധാനപ്പെട്ടതാണ്. ഓരോ ചിത്രത്തിലേക്കുമുള്ള ചൂണ്ടുപലകകളാണവ. ലൂസിഫർ‌ അല്ലാതെ  ഈ ചിത്രത്തിനു യോജിച്ച മറ്റൊരു പേരില്ലെന്നും മുരളി ഗോപി പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്. 

പൃഥ്വിരാജിലേക്കെത്തുന്നത്

എന്‍റെ തിരക്കഥകളും സ്റ്റൈലും ഇഷ്ടമാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ടിയാൻ ചെയ്യുന്ന സമയത്താണ് ഈ ചിത്രത്തിൻറെ വണ്‍ ലൈൻ രാജുവിനോട് പറയുന്നത്. ഒരു സംവിധായകനുമായുള്ള സര്‍ഗാത്മകമായ അടുപ്പം എനിക്കെപ്പോഴും പ്രധാനമാണ്. ലൂസിഫറിനു വേണ്ടിയുള്ള ഏറ്റവും നല്ല ചോയ്സ് ആയിരുന്നു രാജു.

വ്യക്തിജീവിതത്തിൽ രാജുവും ഇന്ദ്രനുമൊക്കെ എനിക്ക് നല്ല സഹോദരങ്ങളെപ്പോലെയാണ്. ജോലിക്കാര്യത്തില്‍ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഴിവുള്ള, കഠിനാദ്ധ്വാനം ചെയ്യുന്ന സംവിധായകരില്‍ ഒരാളാണ് പൃഥ്വിരാജ്. 

സ്റ്റീഫൻ നെടുമ്പള്ളിയും മോഹൽലാലും

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം അവതരിപ്പിക്കാൻ എൻറെ മനസിൽ ആദ്യം തോന്നിയ പേര് മോഹന്‍ലാലിൻറേത് ആണ്. രാജുവിനും എനിക്കും വേണ്ട രീതിയിൽ അദ്ദേഹത്തെ സ്ക്രീനിൽ അവതരിപ്പിക്കുകയായിരുന്നു വെല്ലുവിളി. ഒരു മുഴുനീള മോഹന്‍ലാൽ ചിത്രമാണെങ്കിലും ഈ സിനിമയിലെ ഓരോ കഥാപാത്ര‌ങ്ങൾക്കും അവരുടേതായ വ്യക്തിത്വമുണ്ട്. എഴുതിവെച്ച വാക്കുകൾക്കപ്പുറത്ത് ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ പ്രതിഭയെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. 

കമ്മാരസംഭവത്തിന് സംഭവിച്ചത്

കമ്മാരസംഭവത്തെക്കുറിച്ച് പറയേണ്ടത് അതു കണ്ട പ്രേക്ഷകരാണ്. ടിവി പ്രീമിയർ വന്നതിനു ശേഷം എനിക്ക് ഒരുപാട് പ്രതികരണങ്ങൾ ലഭിച്ചിരുന്നു. എൻറെ ഇൻബോക്സ് അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.