മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു

കൊച്ചിയിലെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതുന്ന ഡോക്യുമെന്ററി രാജു ഏബ്രഹാമാണ് സംവിധാനം ചെയ്യുന്നത്.    

കൊച്ചിയുടെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ മഹത്തായ സംഭാവന നല്‍കിയ മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ജിവിതമാണ് ജോണ്‍ പോളിന്റെ തിരക്കഥയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഡോക്യുമെന്ററിയുടെ ചിത്രീകരണം എറണാകുളം സെന്റ് തെരേസാസ് കോളജില്‍ തുടങ്ങി. പരസ്യചിത്രസംവിധായകനായ രാജു ഏബ്രഹാം ഒരുക്കുന്ന ഡോക്യുമെന്ററിയില്‍ തമിഴ്നടന്‍ ചാരുഹാസനും വേഷമിടുന്നുണ്ട്. പ്രശസ്തമായ സെന്റ് തെരേസാസ് സ്കൂളിനു പുറമേ, കൊച്ചിയിലെ ആദ്യത്തെ മെഡിക്കല്‍ ഷോപ്പും, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറും തൊഴില്‍ പരിശീലന വിദ്യാഭ്യാസ സ്ഥാപനവും ആരംഭിച്ചത് മദറിന്റെ നേതൃത്വത്തിലായിരുന്നു. 

1902ല്‍ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആന്ധ്രപ്രദേശില്‍ വച്ചുണ്ടായ ട്രെയിന്‍ അപകടത്തിലാണ് മദര്‍ ഈലോകത്തോട് വിടപറഞ്ഞത്.