ഉലച്ചു; ഹൃദയം നിറഞ്ഞു; പേരൻപ് കണ്ടു ഞെട്ടി മലയാള സിനിമ: വിഡിയോ

പ്രേക്ഷക മനസിൽ മഹത്തായ സ്നേഹത്തിന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘പേരൻപ്’ ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്. ഒരു ദശകത്തിനുശേഷം മമ്മൂട്ടി തമിഴകത്തേക്ക് മടങ്ങിയെത്തുന്ന പേരന്‍പിന്റെ കൊച്ചിയിൽ നടന്ന പ്രീമിയർ ഷോ കാണാൻ മലയാള ചലച്ചിത്രലോകത്തെ പ്രമുഖരുടെ നിരയാണെത്തിയത്. വൻ താരനിരയുടെ സാന്നിധ്യം പ്രീമിയർ ഷോ ആഘോഷമായിമാറി.

രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, എസ്.എൻ.സ്വാമി, രണ്‍ജി പണിക്കർ, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിർഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിൻ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

സത്യൻ അന്തിക്കാട്: ഒരു സിനിമ കണ്ട് അതിശയിച്ചുപോകുക എന്ന അനുഭവത്തിനു ശേഷമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. അതിന് ആദ്യം നന്ദിയും അഭിനന്ദനവും അർഹിക്കുന്നത് റാമിനു തന്നെയാണ്. കാരണം ജീവിതത്തിൽ ഒരിക്കലും ഇതുപോലൊരു പ്രമേയം സിനിമയക്കാൻ ഞാൻ ധൈര്യപ്പെടില്ല. അത്രയും സൂക്ഷമമായി സമീപിക്കേണ്ട വിഷയത്തെ രസകരമായി നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന വിധത്തിൽ ആവിഷ്കരിക്കാൻ റാമിന് സാധിച്ചു. മനോഹരമായ ഛായാഗ്രഹണം. സുന്ദരമായ സംഗീതം. അതിനേക്കാളുപരി പുതുമുഖത്തിന്റെ ഗംഭീരമായ അഭിനയം. മലയാളത്തിലെ എക്കാലത്തിലെയും പുതുമുഖം മമ്മൂട്ടി.

കമൽ: സിനിമ കണ്ടിറങ്ങിയ ആ വിങ്ങൽ ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല. വളരെ നാളുകൾക്ക് ശേഷമാണ് ആ അനുഭവം ലഭിക്കുന്നത്. പല വിദേശമേളകളിലും ചിത്രം പ്രദർശിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. നമ്മുടെ മമ്മൂക്ക ഇതുപോലെ മനോഹരമായ ചിത്രത്തിൽ അഭിനയിച്ചു എന്നത് നമ്മുടെ ഭാഗ്യം. ഇത്രയും സൂക്ഷമമായ അഭിനയശേഷിയുള്ള മറ്റൊരു നടനില്ല എന്നുതന്നെ പറയാം.

ബാലചന്ദ്രൻ ചുള്ളിക്കാട്: മനുഷ്യരാശി എന്ന് നമ്മൾ പറയാറുണ്ട്. പണ്ട് കറുത്ത മനുഷ്യരെ, ഏഷ്യക്കാരെ, സ്ത്രീകളെ, ഭിന്നശേഷിക്കാരെ, ട്രാൻസ്ജെൻഡേർസിനെ പണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ ഇവരെയൊക്കെ മനുഷ്യരാശിയില്‍ ഉൾപ്പെടുത്തി. ഭിന്നശേഷിക്കാരുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം ഇരുളിൽ നിന്നും പ്രകാശത്തിലേയ്ക്ക് കൊണ്ടുവരുന്ന സിനിമയാണ് പേരൻപ്.

രഞ്ജി പണിക്കർ : ചില ഇടങ്ങളിൽ നമ്മളൊരു കൈ കൊണ്ട് മണ്ണ് മാറ്റിനോക്കിയാലും വെള്ളം കിനിഞ്ഞുവരുന്നത് കാണാം. ഒരായിരം അടി താഴേയ്ക്ക് തുരന്നുപോയാലും ജലസമൃദ്ധമായിരിക്കും. മമ്മൂട്ടി എന്ന നടനെ ഒരിഞ്ച് സ്പർശിച്ചാലും അതൊരു അഭിനയ സമൃദ്ധമായ ഭൂമിയാണ്. ആയിരം അടി കുഴിച്ച് ചെന്നാലും അങ്ങനെ മമ്മൂട്ടിയുടെ കാര്യത്തിൽ തന്നെയായിരിക്കും.

ബി. ഉണ്ണികൃഷ്ണൻ : പ്രിയപ്പെട്ട മമ്മൂക്കയെ കഴിഞ്ഞേ മറ്റൊരു നടനൊള്ളൂ എന്ന് ഒരിക്കൽ കൂടി നമ്മുടെ മുമ്പിൽ തെളിയിച്ച സിനിമയാണ് പേരൻപ്. ഞങ്ങൾ എന്നും കൊതിയോടെ ആരാധനയോടെ അളവറ്റ സ്നേഹത്തോടെ നോക്കിക്കാണുന്ന മമ്മൂക്കയെ ഒരുവലിയ കാലയളവിനു ശേഷം ഞങ്ങൾക്കു തിരിച്ചുതന്നത് തമിഴ് സംവിധായകനാണ്.

സിബി മലയിൽ : എന്നെ ഉലച്ചുകളഞ്ഞൊരു സിനിമയാണ് പേരൻപ്. ഓരോ സിനിമകളും ഓരോ രീതിയിലാണ് നമ്മെ ബാധിക്കാറുളളത്. ചിലത് ത്രില്ലടിപ്പിക്കും ചിരിപ്പിക്കും. പക്ഷേ ഇക്കാലയളവിൽ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞൊരു സിനിമയായി ഇത് മാറി. മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മൾ അത് കണ്ടുകൊണ്ടിരിക്കുകയാണ്. എസ്.എൻ സാമി എന്റെ അരികിൽ വന്നു പറഞ്ഞു, ‘തനിയാവർത്തത്തിനുശേഷം തന്റെ നെഞ്ചുലച്ച മറ്റൊരു സിനിമയാണ് പേരൻപ്’ എന്ന്.

റാം : 1991 ൽ ഞാൻ പ്ലസ് ടു പഠിക്കുന്ന സമയം. ഫെബ്രുവരി ഒന്നിന് ഒരു ചിത്രം റിലീസ് ചെയ്തു അമരം. അന്ന് ആരോടും പറയാതെ ആ സിനിമ കണ്ടു. സംവിധാനത്തോട് ഇഷ്ടം തോന്നുന്നത് അമരം കണ്ടതിനുശേഷമാണ്. എന്നെങ്കിലുമൊരിക്കൽ സംവിധായകനായാൽ മമ്മൂക്കയെവെച്ച് സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 98ൽ തനിയാവർത്തനം കണ്ടു. അന്ന് വിഡിയോ കാസറ്റ് വഴിയാണ് സിനിമ കണ്ടത്. അതിനുശേഷം വീണ്ടും മമ്മൂക്കയോടുളള ഇഷ്ടം കൂടി. 2007ലാണ് എന്റെ ആദ്യചിത്രം ചെയ്യുന്നത്. പത്മപ്രിയ എന്റെ സുഹൃത്തായിരുന്നു. അവർ വഴിയാണ് ഈ കഥയെക്കുറിച്ച് മമ്മൂട്ടി അറിയുന്നത്. 2014ൽ മമ്മൂക്ക കഥ കേട്ടു. ആ സിനിമ ഇന്ന് യാഥാർഥ്യമായി. ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് താടി നൽകിയത് അദ്ദേഹത്തിന്റെ സൗന്ദര്യം കുറച്ച് കുറയ്ക്കാനാണ്.

നിവിൻ പോളി : നന്മയുള്ള സിനിമ കണ്ടിറങ്ങിയ ശേഷമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. റാമിന് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഇതിനു മുമ്പുളള സിനിമകളും ഇതുപോലെ തന്നെയായിരുന്നു. മമ്മൂക്ക ചിത്രത്തിൽ ജീവിക്കുകയായിരുന്നുവെന്ന് തോന്നി. മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന പ്രകടനമാണ് ചിത്രത്തിൽ മമ്മൂക്കയുടേത്.

അനുശ്രീ : മമ്മൂക്കയുടെ കടുത്ത ആരാധികയാണ്. അഞ്ചാറ് വർഷമായി സിനിമയിൽ വന്നിട്ട്. മധുരരാജയിലാണ് ഇപ്പോൾ അദ്ദേഹവുമായി അഭിനയിക്കാൻ സാധിച്ചത്. അതൊരു അഹങ്കാരമായി ഞാൻ പറയുന്നു. പേരൻപിലെ ഒരു രംഗം പോലും കളയാൻ കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് സിനിമ.

അനു സിത്താര : മമ്മൂക്കയുടെ ഏത് ചിത്രമാണെങ്കിലും അത് നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ആളാണ് ഞാൻ. കാരണം ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. മമ്മൂക്കയെ ആദ്യമായി കാണുന്നത് േപരൻപിന്റെ ലൊക്കേഷനിൽ വെച്ചാണ്. അന്നുതൊട്ട് ഈ ചിത്രം കാണാൻ അതീവ ആഗ്രഹമായിരുന്നു.