മോഹന്‍ലാല്‍; ഹൃദയത്തിലെ ആ പേര് വന്ന വഴി ഇതാണ്; പശ്ചാത്തലം ‘1947’

മോഹൻലാൽ എന്ന മലയാളത്തിന്റെ പ്രിയ താരത്തിന് ഇൗ പേരിട്ടത് ആരാണെന്ന് അറിയാമോ ? മോഹൻലാലിനും അദ്ദേഹത്തിന്റെ ചേട്ടനായ പ്യാരിലാലിനും പേരിട്ടത് അവരുടെ അമ്മൂമ്മയുടെ അച്ഛനാണ് എന്നാണ് താരം പറയുന്നത്. മാധ്യമപ്രവർത്തകനായ എ.ചന്ദ്രശേഖർ നടത്തിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. അഭിമുഖം ‘മോഹനരാഗങ്ങൾ’ എന്ന പേരിൽ ഒരു പുസ്തമായി പുറത്തിറക്കിയിട്ടുണ്ട്. 

അഭിമുഖത്തിൽ മോഹൻലാലിനോട് അദ്ദേഹത്തിന്റെ പേര് സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടികളും ഇപ്രകാരമാണ്. മോഹൻലാൽ എന്നത് അന്ന് അത്യപൂർവമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പൻ അങ്ങനൊരു പേരിടുമ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാൻ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവർ സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം. 

സ്കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരിൽ എന്നെ വിളിക്കൂ. അടുപ്പമുള്ളവർ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോൾ.. ആ വിളിയുടെ ഒരു ഈണം, താളം... ഒക്കെയുണ്ടല്ലോ... ദാസേട്ടാ... എന്നു യേശുദാസിനെ വിളിക്കുന്നതുപോലെ. എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോള്‍ ഒരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോൾ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.