70 വയസ്സാകാറായി, എന്നെ ഇങ്ങനെ പീഡിപ്പിക്കണോയെന്ന് രജനിസാർ: തുറന്നുപറഞ്ഞ് പീറ്റർ ഹെയ്ൻ

ഒരിടവേളക്ക് ശേഷം തലൈവരുടെ മാസ് ആക്ഷൻ രംഗങ്ങള്‍ 'പേട്ട'യിലൂടെ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. കാര്‍ത്തിക് സുബ്ബരാജ് ചിത്രം ഇപ്പോഴും വിജയകരമായി കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ സ്റ്റൈൽ മന്നന്റെ തകര്‍പ്പൻ ആക്ഷൻ രംഗങ്ങള്‍ക്ക് പിന്നിലെ അനുഭവം പങ്കിടുകയാണ് കൊറിയോഗ്രഫർ പീറ്റര്‍ ഹെയ്ൻ. 

''ചിത്രത്തിൽ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാർ മുൻപും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ്‌ലീക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാർ ചെയ്താൽ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചർച്ച ചെയ്തു. നുഞ്ചാക്ക് ചെയ്യണമെങ്കിൽ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാൽ അദ്ദേഹമാ ദൗത്യം എന്നെ ഏൽപ്പിച്ചു.

''അങ്ങനെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപെ രജനിസാറിനെ കാണണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചും വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിങ്ങിന് മുൻപ് പരിശീലിക്കാൻ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നു എന്നുപറഞ്ഞു. 

''ഇടക്കിടക്ക് അദ്ദേഹം എന്നോട് പറയുമായിരുന്നു, 'എനിക്ക് 70 വയസ്സാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ' എന്ന്. സർ ഇതൊക്കെ ചെയ്താൽ ആരാധകർക്ക് സന്തോഷമാകുമെന്ന് മറുപടി നൽകി. പരിശീലനം കാരണമാണ് ആ രംഗങ്ങൾ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്. 

രജനീകാന്തിന്റെ ആവശ്യപ്രകാരമാണ് പീറ്റർ ഹെയ്ൻ പേട്ടയിലേക്കെത്തുന്നത്. മലയാളത്തിൽ പുലിമുരുകൻ, ഒടിയൻ എന്നീ ചിത്രങ്ങളിലെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത് പീറ്റര്‍ ഹെയ്ൻ ആണ്.