രജനിക്കായി ആശുപത്രിയിലേക്ക് ആരാധകർ; 30 പൊലീസുകാരുടെ കനത്ത സുരക്ഷ

നടൻ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുൻപിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തി. ഇതിനായി ആശുപത്രിയിൽ 30 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയാനാണ് നടപടി. ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്ഐമാർ, നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. 70കാരനായ താരത്തിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള ആഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. രജനീകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല.

ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചശേഷം കഴി‍ഞ്ഞദിവസമാണ് രജനീകാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.