‘ദൈവമുണ്ടോയെന്ന് എനിക്കറിയില്ല പക്ഷേ..’; കണ്ണീരുണങ്ങാതെ അമുദൻ, വിഡിയോ

‘ദൈവം ഉണ്ടോ ഇല്ലയോ എന്നുചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷേ ആവശ്യമുള്ള സമയത്ത് ദേവതകൾ തീർച്ചയായും വരും..’ കാത്തിരിപ്പിന്റെ ആകാംക്ഷയേറ്റുകയാണ് പുറത്തിറങ്ങുന്ന ഒാരോ വിഡിയോകളും. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമെന്ന് കണ്ടവരെല്ലാം വിധിയെഴുതിയ േപരൻപിന്റെ പുതിയ വിഡിയോയും വൈറലാവുകയാണ്. 

തെന്നിന്ത്യ കാത്തിരിക്കുന്ന റാമിന്റെ പേരൻപ്  ഫെബ്രുവരി ഒന്നിനാണ് തീയറ്ററിലെത്തുന്നത്.  സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. 

റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിലായിരുന്നു. ഗോവയില്‍ നടന്ന പേരന്‍പിന്റെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.