'സെക്സ് ഈസ് നോട്ട് എ പ്രോമിസ്'; പുരുഷൻ പറഞ്ഞാൽ കലാപമുണ്ടാകില്ലേ: ടൊവിനോ

സിനിമകളിലെ രാഷ്ട്രീയവും രാഷ്ട്രീയകൃത്യതയും തന്നെയാകണം തന്റെ നിലപാടുകളാണന്ന് നിർബന്ധം പിടിക്കരുതെന്ന് നടൻ ടൊവിനോ തോമസ്. മായാനദിയിലെ ഏറെ ചർച്ചയായ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയഗോലിനെക്കുറിച്ച് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. 

''സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നത് സത്യാവസ്ഥയാണ്. ഈ ഡയലോഗ് പറയാൻ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും കഴിയണം. അത് അംഗീകരിക്കാൻ കഴിയണം. ഇവിടെ ഒരു പുരുഷൻ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് പറഞ്ഞാൽ കലാപമുണ്ടാകില്ലേ''-ടൊവിനോ ചോദിക്കുന്നു. 

''രണ്ടുപേർ തമ്മിൽ സ്നേഹമുണ്ടെങ്കിൽ പരസ്യമായി ചുംബിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി വിലകുറച്ച് കാണേണ്ട ഒന്നല്ല ചുംബനം. എല്ലാവരും എല്ലാവരെയും ചുംബിക്കുന്ന കാര്യമുണ്ടോ? പരസ്പരം സ്നേഹിക്കുന്നവർ ചുംബിക്കട്ടെ-ടൊവിനോ പറയുന്നു. 

''സിനിമയിൽ അഭിനയിക്കാൻ പോകുംമുൻപ് അപ്പനോട് പറഞ്ഞു, നിയന്ത്രണങ്ങളില്ലാത്ത നടനാകണം എന്നാണെനിക്ക്. ചുംബനസീനിലും ബെഡ്റൂം സീനിലും വയലന്‍സുള്ള സീനിലുമൊക്കെ അഭിനയിക്കേണ്ടിവരും.  അപ്പന് വിഷമം തോന്നരുതെന്ന്. അപ്പൻ പറഞ്ഞു, നീ എന്നോട് എന്തിന് ഇതൊക്കെ പറയുന്നു.  നീ കെട്ടാന്‍ പോകുന്ന പെണ്ണില്ലേ, അവളോട് പറയുക എന്ന്. ഞാൻ അവളോടും പറഞ്ഞു. 2004 മുതൽ പരസ്പരം അറിയാവുന്ന ആളുകളാണ് ഞങ്ങൾ. ഒരുപാട് വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ വഴക്കിട്ടിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിൽ ഞങ്ങൾ വഴക്കുകൂട്ടിയിട്ടില്ല. സിനിമയുടെ ഭാഗമാണെങ്കിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കാം എന്നാണ് അവൾ മറുപടി നൽകിയത്– ടൊവിനോ പറഞ്ഞു.

വിഡിയോ കാണാം.