'വിവാഹം മറച്ചുവെക്കാം; ഗർഭാവസ്ഥ അങ്ങനെയാണോ?'; വ്യാജവാർത്തകൾക്കെതിരെ അനുഷ്ക

കഴിഞ്ഞ വർഷം ഡിസംബര്‍ 11നായിരുന്നു വിരാട് കോഹ്‌ലി–അനുഷ്ക ശർമ വിവാഹം. ഓസ്ട്രേലിയയിൽ വിവാഹവാർഷികം ആഘോഷിച്ച് തിരിച്ചെത്തിയ താരദമ്പതികളെ വരവേറ്റത് വ്യാജവാർത്തകളാണ്. അനുഷ്ക അമ്മയാകാൻ പോകുന്നുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യാജപ്രചാരണങ്ങൾക്ക് വേദനയോടെ മറുപടി പറയുകയാണ് അനുഷ്ക. പിന്തിരപ്പൻ മനസ്സുള്ളവരാണ് കുഞ്ഞുണ്ടാകുന്നതിനെപ്പറ്റി നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിച്ചതിന് എനിക്കൊരു കാരണമുണ്ട്. ഗർഭിണിയാകുക എന്നത് മറച്ചുവെക്കാൻ കഴിയുന്ന കാര്യമല്ല. വിവാഹം ഒരുപക്ഷേ മറച്ചുവെക്കാൻ സാധിക്കുമായിരിക്കും. ഗർഭാവസ്ഥ അങ്ങനെയല്ല. 

വിവാഹം കഴിഞ്ഞ് കുറച്ചുകഴിയുമ്പോഴേക്കും സ്ത്രീ ഗർഭിണിയാണെന്ന് ആളുകൾ ഊഹിക്കും. നാലുമാസം കഴിയുമ്പോൾ മെനഞ്ഞുണ്ടാക്കിയ കഥകൾ കള്ളമാണെന്നറിയുമ്പോൾ വിവാഹം കഴിഞ്ഞ മറ്റേതെങ്കിലും ആളുകളെ തേടിപ്പോകും. പിന്നെ അവരെപ്പറ്റിയാകും കഥകൾ പറഞ്ഞുണ്ടാക്കുക. ഇങ്ങനെയാണ് പലപ്പോഴും വാർത്തകളുണ്ടാകുന്നത്.  ഈ വാര്‍ത്തകളിൽ ഒരു സത്യവുമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അടുത്തൊന്നും അതേപ്പറ്റി ചിന്തിക്കുന്നില്ല. 

ഷാരൂഖ് ഖാൻ നായകനാകുന്ന സീറോയുടെ പ്രൊമോഷൻ തിരക്കിലാണ് അനുഷ്ക. കത്രീന കൈഫും ചിത്രത്തിൽ‌ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഡിസംബർ 21ന് സീറോ തിയറ്ററുകളിലെത്തും.