ബിജെപി നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു; ഒടിയന്‍ പുലര്‍ച്ചെയെത്തും: വിഡിയോ

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഒടിയൻ നാളെ തന്നെ തിയറ്ററിലെത്തുമ്പോൾ ഇൗ അവസാനനിമിഷം അതിന് പിന്നിൽ നടന്ന കാര്യങ്ങൾ മലയാളികളുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. 37 രാജ്യങ്ങളിലാണ്  ചിത്രത്തിന്റെ പ്രദർശനം തീരുമാനിച്ചിട്ടുള്ളത്. ഇതിനായി സാറ്റ്​ലൈറ്റിൽ ചിത്രം അപ്പ് ചെയ്യുകയും ചെയ്തു. ഇൗ അവസാന നിമിഷം റിലീസ് മാറ്റിവച്ചാൽ അതുണ്ടാക്കുന്ന നഷ്ടം വളരെ ഭീമമായിരിക്കും. കേരളത്തിൽ റിലീസ് ചെയ്യാതെ മറ്റ് രാജ്യങ്ങളിൽ റിലീസ് ചെയ്താൽ വ്യാജനടക്കം പ്രചരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തിലൊരു പ്രതിസന്ധി ഘട്ടത്തിലാണ് നാളെ തന്നെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം ബിജെപി നേതാക്കളുമായി ചർച്ചചെയ്തെന്നും സംവിധായകൻ പറയുന്നു. നിസ്സഹായവസ്ഥ പാര്‍ട്ടി നേതാക്കളെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. 

ഹർത്താല്‍ കാരണം റിലീസ് മാറ്റിവയ്ക്കുെമന്ന് പ്രചാരണങ്ങളെ തള്ളിയാണ് അണിയറക്കാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ പൈറസി ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും സംവിധായകൻ വ്യക്തമാക്കി.  

മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു നാളെ. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹർത്താൽ എത്തിയത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേ ദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്.  35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക. അതിനിടയിലാണ് കേരളത്തില്‍ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻസുകാരുടെ രോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴി​ഞ്ഞു. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. പുലര്‍ച്ചെ  പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍  സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.   അത്യാസന്ന നിലയിലായിരുന്ന വേണുഗോപാലന്‍ നായര്‍ വൈകിട്ട് നാലു മണിയോടെയാണ് മരിച്ചത്.

ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണ് വേണുഗോപാലന്‍നായര്‍ മരണമൊഴിയില്‍ പറയുന്നത്. ജീവിക്കാന്‍ കുറേനാളായി ആഗ്രഹിച്ചിരുന്നില്ല. മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മൊഴിയില്‍ പറയുന്നു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എം.ജി. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. നാളത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി  പരീക്ഷകളും മാറ്റി‌. കേരള സർവകാലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.