ലൂസിഫര്‍ ‘മണ്ടന്‍’ തീരുമാനമെന്ന് പറഞ്ഞവരോട് പൃഥ്വി; ലാലേട്ടന് ‘ഹൃദയ’ നന്ദി: കുറിപ്പ്

ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ലൂസിഫർ. ഒരു സൂപ്പർതാരം നായകനാകുന്ന ചിത്രത്തിൽ മറ്റൊരു സൂപ്പർതാരം സംവിധായകനാകുന്നുവെന്ന പ്രത്യേകതയാണ് ലൂസിഫറിന് അവകാശപ്പെടാനുളളത്. മുരളീ ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണുതാനും. 

ലൂസിഫറിന്റെ ചിത്രീകരണത്തിന്റെ അവസാന ദിനം പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയ താരത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ പൃഥ്വിരാജ് നന്ദി പറഞ്ഞത്. ലാലേട്ടൻ ലൂസിഫറിനോടും സ്റ്റീഫൻ നെടുംപളളി എന്ന കഥാപാത്രത്തോടും വിട പറയുകയാണ്. ലൂസിഫർ ഒരിക്കലും ഒരു ബുദ്ധിപരമായ തീരുമാനം ആകില്ലെന്ന് ഉപദേശിച്ചവരുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ കരിയറിലെ വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്തി കൊണ്ടുളള മണ്ടൻ തീരുമാനമാകും അതെന്ന് പറഞ്ഞവരുണ്ട്. 

എന്റെ തീരുമാനം പൂർണമായും ശരിയാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. എന്നാൽ സിനിമയെക്കുറിച്ച് അതിന്റെ ക്രാഫ്റ്റിനെ കുറിച്ച് പതിനാറു വർഷത്തെ അഭിനയ ജീവിതത്തിൽ നിന്നും പഠിച്ചതിൽ കൂടുതൽ ഈ ആറുമാസം കൊണ്ട് ഞാൻ പഠിച്ചു. നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്. നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും. പൃഥ്വിരാജ് കുറിച്ചു. 

ബോളിവുഡ് നടൻ വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് മഞ്ജു വാര്യറാണ്. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാര്യർ.