‘ഇവരെ എങ്ങനെ പറഞ്ഞ് മനസിലാക്കാന്‍?’; മോഹൻലാലിനെ ഉന്നമിട്ട് തുറന്നടിച്ച് രേവതി

ചിലര്‍ക്ക് മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശത്തിന് അദ്ദേഹത്തിന്റെ പേര് പറയാതെ മറുപടി നൽകി രേവതി. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററിൽ കുറിച്ചു. മോഹൻലാലിന്റെ പേര് എടുത്തുപറയാതെ നടത്തിയ പരാമർശം സോഷ്യൽ ലോകത്തും വൈറലായിരിക്കുകയാണ്.

മീ ടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ അഭിപ്രായപ്പെട്ടിരുന്നു.  താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ സിനിമാ രാഷ്ട്രീയമേഖലയെ പിടിച്ചുലയ്ക്കുന്ന മീടു ക്യാംപെയിൻ കൂടുതൽ സജീവമാകുകയാണ്. ഇതിനിടയിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഇതിന്  മറുപടിയുമായി രേവതിയും രംഗത്തെത്തിയതോടെ വരും ദിവസങ്ങളില്‍ സജീവ ചർച്ചയാകുെമന്നുറപ്പ്.