കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍; ബോധവല്‍ക്കരണവുമായി 'അ‍ഞ്ജുവിന്റെ കഥ'

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി ഹ്രസ്വചിത്രം. ദുരനുഭവങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി നല്‍കുകയാണ് അ‍ഞ്ജുവിന്റെ കഥ. മക്കളോടൊപ്പം എന്ന പേരില്‍ ക്യാംപെയിനായി ഈ ചിത്രം എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കും. 

അഞ്ജു എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരക്കേറിയ ഈ കാലഘട്ടത്തില്‍ മാതാപിതാക്കളും അധ്യാപകരും കുട്ടികളെ കേള്‍ക്കാന്‍ തയ്യാറാകാത്തതിനെ ചിത്രം രൂക്ഷമായി വിമര്‍ശിക്കുന്നു. അതിക്രമങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്നും പഠിപ്പിക്കുന്നുണ്ട് ഈ ഹ്രസ്വചിത്രത്തിലൂടെ. 

എസ്.വി ഫിലിംസിന്റെ ബാനറില്‍ ജോര്‍ജ് വിപിന്‍ നിര്‍മിക്കുന്ന ചിത്രം ഹരീഷ് സി.സേനനാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. നടന്‍ മധു, ബാലനടി സോന എന്നിവര്‍ക്കൊപ്പം അരൂര്‍ എംഎല്‍എ എ.എം ആരിഫും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, എഡിജിപി ബി.സന്ധ്യ എന്നിവര്‍ ഹ്രസ്വചിത്രത്തിന്റെ ഭാഗമായി സന്ദേശം നല്‍കുന്നുണ്ട്. ഇടപ്പള്ളി അല്‍അമീന്‍ സ്കൂളിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. സംവിധായകന്‍ സിബി മലയില്‍, ഡിസിപി ഹിമേന്ദ്രനാഥിന് നല്‍കി സിഡി പ്രകാശനം നിര്‍വഹിച്ചു.