‘ഞാൻ രാക്ഷസനല്ല..’; ജിയയുടെ മരണത്തിൽ നീണ്ട മൗനം വെടിഞ്ഞ് സൂരജ് പഞ്ചോളി

ബോളിവുഡിൽ പൊടുന്നനെ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു ജിയാ ഖാൻ. ബോളിവുഡ് അവൾ കീഴടക്കുമെന്ന് ലോകം വിശ്വസിച്ചു. ഉദിച്ചുയർന്ന അതേ വേഗതയിൽ അവൾ അപ്രത്യക്ഷയായി. പതിനെട്ടാം വയസിലായിരുന്നു ബോളിവുഡിലേയ്ക്ക് ഈ താരം കാലെടുത്തു വച്ചത്. അരങ്ങേറ്റം സ്വപ്നതുല്യം. സാക്ഷാൽ ബിഗ് ബിക്കൊപ്പം. ആമിറിനൊപ്പം ഗജനി, അക്ഷയ്ക്കൊപ്പം ഹൗസ് ഫുൾ. കണ്ണടച്ചു തുറക്കുമുന്‍പ് ജിയ സൂപ്പർതാരമായി. 2010ൽ പുറത്തിറങ്ങിയ ഹൗസ്ഫുൾ തന്നെയായിരുന്നു ജിയയുടെ അവസാന ചിത്രവും. ഇരുപത്തിയഞ്ചാം വയസിൽ ജീവീതം അവസാനിപ്പിച്ച് ജിയ അപ്രത്യക്ഷയായി.

ജിയയുടെ ആത്മഹത്യയിൽ പ്രതിസ്ഥാനത്തായിരുന്നു നടൻ സൂരജ് പഞ്ചോളി. ജിയയുടെ മരണത്തിനു ശേഷം നീണ്ട ആറ് വർഷത്തെ മൗനം അവസാനിപ്പിച്ച് തന്റെ 28–ാം ജൻമദിനത്തിൽ സൂരജ് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിട്ടു. ജിയയുടെ മരണത്തിൽ ദുരൂഹതകൾ തുടരുമ്പോഴും താൻ നിരപരാധിയാണെന്നും താൻ വേട്ടയാടുകപ്പെടുകയാണെന്നും ഊന്നിപ്പറഞ്ഞുളള പോസ്റ്റിൽ ജിയയോടുളള പ്രണയവും വേദനയും നിസാഹയതയുമെല്ലാം നിറഞ്ഞു.

എന്റെ ഇരുപത്തിയെട്ടാം ജൻമദിനത്തിൽ നീണ്ട ആറുവർഷത്തെ മൗനത്തിനു ശേഷം ഞാൻ മനസ് തുറക്കുകയാണ്. ഈ കേസ് തീരുന്നതു വരെ ഒന്നും ആരോടും മിണ്ടില്ലെന്നായിരുന്നു എന്റെ നിലപാട്. എന്നാൽ വർഷങ്ങൾ‌ കഴിഞ്ഞിരിക്കുന്നു. ഇനി എനിക്കു സംസാരിക്കാതിരിക്കാൻ കഴിയില്ല. ആറു നീണ്ട വർഷങ്ങൾ ഒരു വേട്ടമൃഗമായിരുന്നു ഞാൻ. കൊലപാതകി, രാക്ഷസൻ, പീഢകൻ തുടങ്ങി ശാപവാക്കുകൾ കേട്ട് എന്റെ മനസ് മരവിച്ചിരിക്കുന്നു. ഞാനും എനിക്കും ചുറ്റുമുളളവരും ഒരുപാട് വേദനിച്ചു, മുറിവേറ്റു. 

എന്റെ കഷ്ടപ്പാടുകൾക്കൊപ്പം നിന്നവർക്ക് ഹൃദയം തൊടുന്ന നന്ദി. എന്നെ കുറിച്ചുളള മോശം കാര്യങ്ങൾ ഞാൻ കേൾക്കാറുണ്ട്, വായിക്കാറുണ്ട്. അതെല്ലാം ഗൗനിക്കാനുളള മനശക്തി കഴിഞ്ഞ ആറ് വർഷങ്ങൾ എനിക്ക് ഉണ്ടാക്കി തന്നു. എന്നെ ചീത്ത വാക്കുകൾ പറയുന്നവരെ കുറ്റപ്പെടുത്താൻ ഞാനില്ല. മാധ്യമങ്ങളിലെ തലക്കെട്ട് പോലെ ഞാൻ രാക്ഷസനല്ല. ഇതൊരു വലിയ യാത്രയായിരുന്നു. ജീവിതത്തെക്കുറിച്ച് ഇപ്പോഴും ഞാന്‍ അറിയാന്‍ ശ്രമിക്കുന്നു. ആറ് വര്‍ഷമായി ഞാന്‍ കേസിന് പിറകേയാണ്, ക്ഷമയോടും ബഹുമാനത്തോടും കൂടി വിചാരണ അവസാനിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

എനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി എനിക്കത് സാധിക്കുന്നില്ല. എന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാനോ സന്തോഷത്തോടെ ഇരിക്കാനോ എനിക്ക് കഴിയുന്നില്ല. ഈ വിചാരണ ഒരിക്കല്‍ നല്ല രീതിയില്‍ അവസാനിക്കുമെന്നും നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’-സൂരജ് പറയുന്നു.

ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി. ജിയയുടെ കാമുകനായിരുന്ന സൂരജിനെതിരേ പരാതി നല്‍കിയത് നടിയുടെ കുടുംബമായിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ജിയയെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റു ചെയ്തു.

സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നുവെന്നും എന്നാൽ ജിയയുടെ ഇഷ്ടം ആത്മാർഥമായിരുന്നുവെന്നും ജിയയുടെ അമ്മ റാബിയ ഖാൻ പറയുന്നു. സൂരജുമായുള്ള ബന്ധത്തിൽ ജിയ ഗർഭിണി ആയപ്പോഴാണ് കാര്യങ്ങൾ വഷളാകുന്നത്. ആശുപത്രിയിൽ പോകാതെ ഗർഭം അലസിപ്പിക്കാൻ  ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗർഭം  നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാൻ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായതെന്നും റാബിയ കുറ്റപ്പെടുത്തി.