'കാതലേ'യിലെ ആ ഓരിയിടൽ? രഹസ്യം വെളിപ്പെടുത്തി ഗോവിന്ദ് മേനോൻ

96ലെ കാതലേ എന്ന തുടങ്ങുന്ന ഗാനത്തിന് നിറയെ ആരാധകരാണുള്ളത്. ഗാനം കേട്ട ഓരോ ആസ്വാദകനും പക്ഷെ ഒരു സംശയമുണ്ടായിരുന്നു. ഗാനത്തിന്റെ തുടക്കത്തിൽ ഏതോ മൃഗത്തിന്റെ ഓരിയിടൽ പോലെയുള്ള ശബ്ദം എന്താണെന്ന്. ആ കൗതുകം തുറന്നു പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് മേനോൻ എന്ന തമിഴിലെ ഗോവിന്ദ് വസന്ത. 

ഈ ഓരിയിടൽ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. സമുദ്രത്തിലെ ഭീമാകാരനായ തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. ചൂളം വിളി പോലെ തോന്നിക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടെയാണ് ഗാനം തുടങ്ങുന്നത്. വയലിനോടൊപ്പം ഈ ശബ്ദവും ഇഴചേർന്നപ്പോൾ പ്രേക്ഷകർക്കും പുതുമയായി. സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാൻ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് പ്രചോദനമായത്. ഒരു വയലിനിസ്റ്റായ ഗോവിന്ദ് സിനിമയിൽ വയലിന്‍ ഉപയോഗിച്ചിട്ടുള്ളതും ഈ ഒരു ഗാനത്തില്‍ മാത്രമാണ്. 

ആദ്യഘട്ടത്തിൽ കാതലേ പാട്ട് ആലോചനകളിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നു ഗോവിന്ദ്. "അന്താദി എന്ന ഗാനം  ചെയ്തശേഷം അതിലെ ഒരു ഭാഗം എടുത്ത് പ്രൊമോക്കായി ഉപയോഗിക്കുകയായിരുന്നു." പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനമായി പിന്നീട് മാറിയതെന്നു പറയുന്നു ഗോവിന്ദ്.