'കാലം സത്യം തെളിയിക്കും'; ആരോപണങ്ങളോട് വൈരമുത്തു; 'നുണയനെ'ന്ന് ചിന്മയി

വെളിപ്പെടുത്തലുകളുടെയും തുറന്നുപറച്ചിലുകളുടെയും ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. പല പ്രമുഖരുടെയും മുഖംമൂടികൾ അഴിഞ്ഞു വീഴുന്ന തരത്തിലാണ് ആരോപണങ്ങൾ ഉയരുന്നത്. അതിൽ ഏറ്റവും ഞെട്ടിക്കുന്നതായിരുന്നു ഗാനരചയിതാവ് വൈരമുത്തുവിന് എതിരെ ഉയർന്ന ആരോപണം. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചത്.വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചുവെന്നായിരുന്നു യുവതി പറഞ്ഞത്.  

ഇതിന് പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തി. സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാണ് ചിന്മയിയുടെ ആരോപണം. എന്നാൽ താനും അമ്മയും ഇതിനെ എതിർത്തപ്പോൾ ഷോ നടത്തുന്ന ആൾ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചിന്മയി പറയുന്നു.ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വൈരമുത്തു. താൻ നിഷ്കളങ്കനാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ വെറും നുണകൾ മാത്രമാണെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. തമിഴിലാണ് വൈരമുത്തുവിന്റെ ട്വീറ്റ്.

'നിഷ്ക്കളങ്കരായ മനുഷ്യരെ അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. പല സംഭവങ്ങളിലായി എന്നെ ഇപ്പോൾ നാണംകെടുത്തുകയാണ്. ഇതും അതിൽ ഒന്നു മാത്രമാണ്. സത്യമല്ലാത്ത ഒന്നിനും ഞാൻ ചെവി കൊടുക്കാറില്ല. കാലം സത്യം തെളിയിക്കും'.വൈരമുത്തു കുറിച്ചു. ഇതിനും മറുപടിയുമായി ചിന്മയി രംഗത്തെത്തി. 'നുണയൻ' എന്നാണ് ട്വീറ്റിന് ചിന്മയി നൽകിയ പ്രതികരണം. ചിന്മയിക്ക് പിന്തുണയുമായി കോളിവുഡ് സിനിമാലോകത്ത് നിന്നും നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.