കയ്യടി നേടി പരിയേറും പെരുമാള്‍

പരിയേറും പെരുമാള്‍ എന്ന തമിഴ് ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്. മാരി സെല്‍വരാജാണ് രചനയും സംവിധാനവും ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച മാരിയുടെ ആദ്യ ചിത്രം കൂടിയാണിത്. പാ രഞ്ജിത്താണ്    ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പരിയേറും പെരുമാള്‍ എന്നാൽ കുതിരപ്പുറത്തേറിവരുന്ന പെരുമാള്‍ എന്നര്‍ഥം. ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞുവച്ച മാരി സെല്‍വരാജ് എന്ന യുവാവിന്‍റെ  സ്വപ്ന ചിത്രം. സിനിമ എന്നത് മാരി സെല്‍വരാജിന് പോരാടാനുള്ള ആയുധമാണ്. അടിസ്ഥാനവര്‍ഗത്തോടുള്ള  വിവേചനങ്ങളെ ചൂണ്ടിക്കാണിക്കാനുള്ള മാര്‍ഗവും കൂടിയാണ് സിനിമ.. സ്നേഹമാണ് അതിജീവനത്തിനായുള്ള ഊര്‍ജമെന്നും പ്രണയത്തെ എന്തിന് ഭയപ്പെടണമെന്നും മാരി സിനിമയിലൂടെ ചോദിക്കുന്നു.

പ്രശസ്ത സംവിധായകന്‍ റാം വളര്‍ത്തിയ കലാകാരന്‍ , എന്തായാലും പ്രതീക്ഷ തെറ്റിച്ചില്ല. കറുപ്പി എന്ന നായയിലൂടെയും സ്നേഹത്തിന്‍റെ രാഷ്ട്രീയം പറയുന്നുണ്ട് പരിയേറും പെരുമാള്‍. തൂത്തുക്കുടിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച മാരി ഒന്നുമില്ലായ്മയില്‍ നിന്ന്  അനുഭവങ്ങള്‍ രാകിമിനുക്കിയാണ് സിനിമയുണ്ടാക്കിയത്. കണ്ടും കേട്ടും അനുഭവിച്ചും മെനഞ്ഞെടുത്ത കഥാപാത്രങ്ങളെ കതിറും ആനന്ദിയും അവിസ്മരണീയമാക്കി.