പ്രതിഫലം ദുരിതാശ്വാസത്തിന് നൽകി ദുൽ‌ഖർ; കയ്യടിച്ച് ജനസാഗരം, വിഡിയോ

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിന്റെ യുവ നടൻമാർക്ക് പ്രളയകാലത്ത് എന്തുചെയ്തു എന്ന് ആക്ഷേപിച്ചവർക്ക് മുൻപ് തന്നെ മറുപടിയുമായി ദുൽഖർ സൽമാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വമ്പൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനമാണ് സോഷ്യൽ ലോകം വാഴുന്നത്.

കൊല്ലം കരുനാഗപ്പള്ളിയിൽ സ്വർണക്കടയുടെ ഉദ്ഘാടനത്തിന് ശേഷം തിങ്ങികൂടിയ ആരാധകരെ സാക്ഷിയാക്കി ദുൽഖർ പ്രഖ്യാപിച്ചു. ഇൗ  ചടങ്ങിൽ പങ്കെടുക്കുന്നതിൽ എനിക്ക് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നാണ് താരം പ്രഖ്യാപിച്ചത്. വലിയ കയ്യടികളോടെയാണ് ആ പ്രഖ്യാപനത്തെ ആരാധകർ ഏറ്റെടുത്തത്. 

തിങ്ങികൂടിയ ആരാധകരോട് അദ്ദേഹം പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. ‘ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മൾ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരിന്ന നിങ്ങൾക്ക് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ’. ദുൽഖർ പറഞ്ഞ് നിർത്തിയതും. കയ്യടിയുടെ കടലിരമ്പവുമായിട്ടാണ് കരുനാഗപ്പള്ളി ദുൽഖറിന്റെ വാക്കുകൾക്ക് ചെവികൊടുത്തത്.