ഇതാ മഹാപ്രതിഭകളുടെ സംഗമം; പാട്ടിന്‍റെ മഴവില്‍മധുരം തുളുമ്പിയ രാവ്

മാമ്പഴത്തോളം മധുരവും മഴവില്ലിനോളം ഭംഗിയും നിറഞ്ഞ ഒരു സംഗീതസന്ധ്യ. പുറത്ത് മഴ സംഗീതമിട്ടപ്പോൾ അകത്ത്  മഹാപ്രതിഭകൾക്ക് സംഗീതമിടാൻ മൽസരിക്കുകയായിരുന്നു സ്റ്റീഫൻ ദേവസിയും സംഘവും. മഴവിൽ മാംഗോ മ്യൂസിക്ക് അവാർഡ് 2018ന്റെ സംഗീത കാഴ്ചകളുടെ അമരത്ത് ഇനി എക്കാലവും എഴുതി ചേർക്കാൻ നൻമ നിറഞ്ഞ കുറേ മുഹൂർത്തങ്ങൾ. സംഗീതവും നൃത്തവും ഹാസ്യവും ഇഴചേർത്ത രാവിൽ നൻമയുടെ പാദസ്പർശമായി അർജുനൻ മാസ്റ്ററുടെ സാന്നിധ്യം. 

മലയാളത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാരവേദിയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എം.കെ അർജുനൻ മാസ്റ്റർക്ക് സമ്മാനിച്ചു. വാനമ്പാടിയിൽ തുടങ്ങി വാനമ്പാടികളിലേക്ക് പകർന്ന പാട്ടിന്റെ രാവിൽ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങൾ. സംഗീതത്തോളം മൃദുലമായ മറ്റെന്തുണ്ട് എന്ന് ചോദിച്ചാൽ ചിത്രയുണ്ടെന്ന് പറയാം. അതാണ് മലയാളത്തിന്റെ പ്രിയ വാനമ്പാടി. മലയാളി കേട്ട് മറക്കാത്ത ഒട്ടേറെ പാട്ടുകൾ  വേദിയിൽ അവർ പാടി. കയ്യടിയോടെ ലയിച്ചിരുന്ന് കാണികളും. 

ഒപ്പം പിന്നാലെ സംഗീതരംഗത്തെ കുലപതികൾ അരങ്ങ് നിറഞ്ഞു. എസ്.പി ബാലസുബ്രഹ്മണ്യം, മോഹൻലാൽ, എം.ജി ശ്രീകുമാർ, വേണുഗോപാൽ, കാർത്തിക്, വിജയ് യേശുദാസ്,ജെൻസി ആന്റണി, വിനീത് ശ്രീനിവാസൻ, റിമി ടോമി, മഞ്ജു വാരിയർ സംഗീതസംവിധായകരായ ശരത്, ദീപക് ദേവ്, അൽഫോൻസ്, സ്റ്റീഫൻ ദേവസി, റെക്സ് വിജയൻ നടൻമാരായ രമേശ് പിഷാരടി, ധർമജൻ തുടങ്ങി ഒട്ടേറെ പ്രതിഭകൾ അരങ്ങിലെത്തി.  ആ കാഴ്ചകളെ വാക്കുകളിങ്ങനെ പറയാം. 

അർജുനൻ മാസ്റ്ററുടെ പാദം തൊട്ട് പ്രതിഭകൾ 

ചുവന്ന ഷർട്ടിൽ ലൂസിഫർ ലുക്കിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ എത്തിയപ്പോൾ ആദ്യം ചെയ്തത്. കൺമുന്നിലിരുന്ന അർജുനൻ  മാസ്റ്ററുടെ പാദം തൊട്ട് നമസ്കരിക്കുകായായിരുന്നു. പിന്നീട്  മൈക്ക് കയ്യിലെടുത്ത് ‘കസ്തൂരി മണക്കുന്നല്ലോ’ എന്ന് ലാൽ പാടിയപ്പോൾ അർജുനൻ മാസ്റ്ററുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് വാക്കുകളില്ല. ലാലിനും ഇതിൽപരം മറ്റെന്ത്?

മാഷിന് പ്രത്യേക സമ്മാനമൊരുക്കിയത് സ്റ്റീഫൻ ദേവസിയും സംഘവുമായിരുന്നു. മാഷിന്റെ ഇൗണങ്ങൾക്ക് പുത്തൻ ആവിഷ്കാരം ഒരുക്കി സ്റ്റീഫൻ ദേവസി. ചെട്ടിക്കുളങ്ങരയും, കസ്തൂരിയും ഒക്കെ പാശ്ചാത്യ സംഗീതത്തോട് ഇടകലർത്തി സ്റ്റീഫൻ അവതരിപ്പിച്ചപ്പോൾ അതിന് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമായി. ‘ മാഷിന്റെ ഇൗണങ്ങൾ കേരളത്തിലോ തമിഴ്നാട്ടിലോ ഒതുക്കാവുന്നതല്ല. അത് അന്താരാഷ്ടതലത്തിൽ ലയിച്ചുകഴിഞ്ഞിരിക്കുന്നു’. 

മാഷിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിന് നിറം പകരാൻ അണിനിരന്നവരുടെ നിര സമ്പന്നമായിരുന്നു. എസ്പിബി, മോഹൻലാൽ, ചിത്ര, എം.ജി ശ്രീകുമാർ, വേണുഗോപാൽ, ശരത്, ജെൻസി, മഞ്ജുവാരിയർ എന്നിങ്ങനെ മാഷിനെ ആദരിക്കാനെത്തി. പുരസ്കാര ദാനത്തിന് ശേഷം വാക്കുകളിൽ അർജുനൻ മാസ്റ്റർ വികാരധീനനായപ്പോൾ വേദിയും അറിയാതെ ഒപ്പം കൂടി. അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങൾ ഒാരോത്തരും പങ്കുവയ്ക്കുന്നതും അദ്ദേഹം കേട്ടിരുന്നു. 

നാല് പതിറ്റാണ്ടിന് മുൻപ് സിനിമാ ജീവിതം തുടങ്ങിയതിന്റെ പുണ്യം ഇപ്പോഴാണ് മനസിലായത്. ഒട്ടേറെ മഹാരഥൻമാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. മരണമില്ലാത്ത പാട്ടുകളാണ് അർജുനൻ മാസ്റ്റർ നമുക്കായി ഒരുക്കിയത്. പഴയകാല ഒാർമകൾ ഒാർത്തെടുത്ത മോഹൻലാലിന്റെ വാക്കുകളിൽ അദ്ദേഹം ഇൗ നിമിഷം എത്രത്തോളം ധന്യനെന്ന് വ്യക്തം.

എസ്പിബിക്ക് പറയാനുള്ളതും മറ്റൊന്നായിരുന്നില്ല. 1969–70 കാലഘട്ടങ്ങളിൽ മദിരാശിയിൽ വച്ച് മാഷിനെ കാണുന്ന സമയം മുതൽ പിന്നീടങ്ങോട്ടുള്ള ഒാരോ സന്ദർഭവും അദ്ദേഹം ഒാർത്തെടുത്തു. അതിൽ നിറം മങ്ങാത്ത ഒരു പിടി പാട്ടുകളും. വാക്കുകളിൽ അർജുനൻ മാസ്റ്റർ നിറയുമ്പോൾ വേണുഗോപാലിന്റെ വാക്കുകളിൽ മലയാളി ഒട്ടേറെ തവണ തേടിയ ഉത്തരമുണ്ടായിരുന്നു.

റിയാലിറ്റി ഷോകളിൽ കുഞ്ഞ് ഗായകരോടും പുതുമുഖ ഗായകരോടും ഇത്ര മധുരമായി ഹൃദ്യമായി ഇടപഴകുന്ന ഒരു വിധി കർത്താവ് എന്ന പേര് വേണുഗോപാലിന് മലയാളി ചാർത്തികൊടുത്തിട്ടുണ്ട്. ആ ശീലം ഇൗ സൗമ്യത അതിന്റെ ഉറവിടം അർജുനൻ മാസ്റ്ററാണ് . വേണുഗോപാൽ പറയുന്നു. അദ്ദേഹത്തിന്റെ രണ്ടുപാട്ടുകളെ ഞാൻ പാടിയിട്ടുള്ളൂ. 1987ൽ ഉൗഴം എന്ന ചിത്രത്തിന് വേണ്ടി പാടാൻ തരംഗിണി സ്റ്റുഡിയോയിലെത്തിയതായിരുന്നു വേണുഗോപാൽ. പലകുറി പാടിയിട്ടും പാട്ട് മാത്രം ശരിയായില്ല. അപ്പോൾ മാഷ് എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു. തിരികെ വണ്ടിക്കൂലി തന്ന് വിടാനായിരിക്കും എന്ന് കരുതിയാണ് ഞാൻ അടുത്തേക്ക് ചെന്നത്. പതിയെ അദ്ദേഹം എന്നെയും കൂട്ടി അടുത്ത മുറിയിലേക്ക് പോയി.

ഒരു ഹാർമോണിയം എടുത്ത് അരികിൽ വച്ചു. എന്നിട്ട് ഒരു കു‍ഞ്ഞിനൊടെന്ന പോലെ ഒാരോ കാര്യങ്ങളും പറഞ്ഞുതന്നു. ഒടുവിൽ ആ പാട്ട് പാടാൻ എനിക്ക് ആത്മവിശ്വാസം വന്നപ്പോൾ അദ്ദേഹം എന്റെ കവിളിൽ ചേർത്ത് പിടിച്ചു. ഇന്നും മറന്നിട്ടില്ല ആ വാൽസ്യത്തിന്റെ മധുരം. 

ഒാരോ കുട്ടികളും എന്റെ മുന്നിൽ പാടുമ്പോൾ ‍ഞാൻ പണ്ട് അർജുനൻ മാഷിന്റെ ഹാർമോണിയത്തിന് മുന്നിലിരുന്ന ഒാർമവരും. വേണുഗോപാൽ പറഞ്ഞുനിർത്തി. ആ വാൽസ്യത്തിന് നിറകയ്യടി.

മണിയോർമയിൽ മഴവിൽ മാംഗോ

മലയാള സിനിമയുടെ മാത്രമല്ല പാട്ടിന്റെ ലോകത്തും ഉപ്പായിരുന്നു കലാഭവൻ മണി. നാടൻ‌ പാട്ട് കൊണ്ടും സിനിമാഗാനങ്ങൾ കൊണ്ടും മണി മലയാളികളുടെ മനസിൽ നേടിയ സ്ഥാനത്തെ കൂടി ഒരിക്കൽ കൂടി ഒാർമിപ്പിച്ചു ഇൗ ഗായകർ. കീർത്തിചക്രയിലെ കശ്മീർ എന്ന ഗാനത്തിന് ശേഷം വിനീത് ശ്രീനിവാസൻ പാടിയതും ആ ഗാനമായിരുന്നു. നിനച്ചിരിക്കാതെ നേരത്ത് നമ്മെ വിട്ടുപോയ ആ മിന്നാമിനുങ്ങിനെ കുറിച്ച്.

പാട്ടിന്റെ ഇത്തിരിവെട്ടത്തിൽ അലിഞ്ഞ് പ്രേക്ഷകനും. 'മിന്നാമിനുങ്ങെ മിന്നും മിനുങ്ങേ' എന്ന ഗാനം വിനീത് ശ്രീനിവാസൻ പാടിയപ്പോൾ വേദിയിലെ കയ്യടി എറ്റുവാങ്ങിയത് സാക്ഷാൻ കലാഭവൻ മണിയുടെ ആത്മാവായിരിക്കും. അത്രത്തോളം ഹൃദ്യമായി വിനീത് പാടി. 'എങ്ങോട്ടാണ് എങ്ങോട്ടാണ് ഇൗ തിടുക്കം' എന്ന വരി ചങ്കിൽ തട്ടി ഗായകന്റെയും കേൾവികാരന്റെയും.

തൊട്ടു പിന്നാലെ പാടാനെത്തിയ എം.ജി ശ്രീകുമാറിനും മണിയെ ഒഴിവാക്കാൻ നിർത്താൻ കഴിയുമായിരുന്നില്ല. തനിക്ക് ദേശീയ പുരസ്കാരം നേടി തന്നെ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിൽ മണി ഉള്ളുതൊട്ടഭിനയിച്ച് ഗംഭീരമാക്കിയ ആ ഗാനം അദ്ദേഹം മണിയോർമയിൽ പാടി. 'ചാന്തുപൊട്ടും' എന്ന് തുടങ്ങുന്ന ഗാനം എം.ജിയും പാടി. മണി പാട്ടുകളും മണിയോർമയും ഇല്ലാതെ എവിടെയാണ് ഇന്ന് ഒരു സംഗീതനിശ നടക്കുക. ആ വേരുകൾ അത്രത്തോളം മലയാളിയുടെ മനസിൽ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു. അതിന് മകുടമായി മഴവിൽ മാംഗോലെവേദിയും.

എസ്പിബിയും ശങ്കാഭരണവും

എതൊക്കെ ശബ്ദത്തിൽ പാടി എതൊക്കെ ഭാഷയിൽ പാടി താജ്മഹലാ.. ഞങ്ങളുടെ താജ്മഹലാ എസ്പിബി സർ.. മുൻപ് അദ്ദേഹത്തിന് മുന്നിൽ പാടണം എന്ന മോഹം പൂർത്തിയാക്കി കലാഭവൻ മണി പറഞ്ഞ വാക്കുകൾ കടമെടുക്കാം. അതെ അദ്ദേഹം കണ്ടും േകട്ടിരിക്കാനും കഴിയുന്ന താജ്മഹലാണ്. ആ ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകളിൽ സംഗീതം പൊഴിഞ്ഞപ്പോൾ തൽസമയം കേട്ടിരുന്നവർ ഒരു നിമിഷം കോരിത്തരിച്ചു.

ശബ്ദത്തിന് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ആദ്യമേ പറഞ്ഞെങ്കിലും പക്ഷേ മൈക്ക് കയ്യിലെടുത്തപ്പോൾ അരനൂറ്റാണ്ട് സിനിമാഉലകം ലയിച്ച ആ ശബ്ദസൗന്ദര്യത്തിന് എന്ത് മാറ്റേറിയതേയുള്ളൂ. വേദിയിൽ ഇത്ര സരസനായി സംസാരിക്കുവാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയുന്നുവെന്ന് ചിന്തിച്ച് പോകുന്ന മൂഹൂർത്തം. ചിത്രയോടൊപ്പം പാടിയപ്പോൾ എസ്പിബി ആ കുസൃതികളെല്ലാം മുഖത്തും ശബ്ദത്തും നിറച്ചുവച്ചു.

മോഹന്‍ലാല്‍ പാടിത്തിമിര്‍ത്ത സംഗീതരാവ്; ഒപ്പം എസ്പിബിയും ശ്രീകുമാറും റിമിയും 

ഒരു പാട്ടിൽ തുടങ്ങി പല പാട്ടിലൂടെ എസ്പിബി ശങ്കരാഭരണത്തിലെത്തിയപ്പോൾ പുറത്ത് പെയ്ത മഴ പോലും ലയിച്ചിരുന്നു. നിറകയ്യടികളോടെ എത്ര കേട്ടാലും മതിവരാത്ത ശങ്കരാഭരണം അദ്ദേഹം കേൾവിക്കാരനെ അണിയിച്ചു. ഇൗ ജീവിതത്തിൽ ഒരിക്കലെങ്കിലും എസ്പിബി ശങ്കരാഭരണം പാടുന്നത് ലൈവായി കാണണം എന്ന മോഹത്തോടെ എത്തിയവർ ഒരോ ശ്വാസത്തിലും കയ്യടിച്ചു. മറ്റു ചിലർ ആകട്ടെ കണ്ണടച്ച് ലയിച്ചിരുന്നു. അത്ര ഹൃദ്യം എസ്പിബി..

പാട്ടിനെ പാടി അറിയിക്കാം പാട്ട് കേട്ടവരുടെ അഭിപ്രായം പറഞ്ഞറിയിക്കാൻ കഴിയില്ല. മാമ്പഴത്തിന്റെ സ്വാദും മഴവില്ലിന്റെ അഴകും നിറഞ്ഞ ഇൗ കാഴ്ചകൾ ഉടൻ തന്നെ മഴവിൽ മനോരമയിലൂടെ നിങ്ങളുടെ സ്വീകരണമുറിയിലെത്തും.