അമ്മ എന്റെ കുടുംബമെങ്കിൽ വാക്കാലുള്ള പരാതി പോരേ; മോഹന്‍ലാലിനോട് ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിലപാടുകളിൽ അക്രമിക്കപ്പെട്ട നടിക്ക് എതിർപ്പ് ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രമ്യ നമ്പീശൻ. ദിലീപ് അവസരങ്ങൾ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ വാക്കാൽ പരാതി നൽകിയാൽ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്നാണ് രമ്യ നമ്പീശൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

'വാര്‍ത്താസമ്മേളനം കണ്ടതിന് ശേഷം ഞാൻ അവളുമായി സംസാരിച്ചിരുന്നു. അവൾ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്– അമ്മ എന്റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി  മതിയാകുമായിരുന്നില്ലേ? ആരും ആരോപണങ്ങൾ ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ സമീപിക്കുകയോ ചെയ്യില്ല. അവർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് എന്നോട് പറഞ്ഞത്. അത് അവർ ചിലപ്പോൾ ചെയ്ത് കാണും. കുറ്റാരോപിതനായ നടൻ അത് നിഷേധിച്ചിട്ടുണ്ടാകും. അമ്മ പ്രസിഡന്റിന്റെ ന്യായീകരണങ്ങൾ കേട്ടപ്പോൾ എനിക്ക് തോന്നിയത് പരാതി എഴുതി കൊടുത്താലും അവർ ഒരിക്കലും ഈ സംഭവത്തിൽ നടപടിയെടുക്കില്ല എന്നാണ് '. രമ്യയുടെ വാക്കുകൾ.

എങ്ങനെയാണ് കുറ്റാരോപിതൻ ഉൾപ്പെടുന്ന ഒരു സംഘടനയിൽ ഇര ഭാഗമാകുന്നത്. മോഹൻലാലിന്‍റെ വാർത്താ സമ്മേളനം വ്യക്തമാക്കുന്നത് അമ്മ ആർക്കൊപ്പമാണ് നിൽക്കുന്നതെന്നാണ്. പരാതി എഴുതി ലഭിച്ചിട്ടില്ല എന്ന വിലകുറഞ്ഞ ന്യായീകരണത്തിലൂടെ തങ്ങളുടെ പ്രശ്നത്തെ ലഘൂകരിക്കുന്നത് അംഗീകരിക്കാനാകില്ല. ഓരോരുത്തർക്കും ഓരോ നിയമം കൊണ്ടുവരുന്നത് എന്തുകൊണ്ടാണെന്നും രമ്യ ചോദിക്കുന്നു.

ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ അജണ്ടയുടെ പ്രിന്റഡ് കോപ്പിയിൽ ആകെ ഏഴ് പോയിന്‍റുകളേ ഉണ്ടായിരുന്നുള്ളു. അതിൽ ഇക്കാര്യം ഇല്ലായിരുന്നു. ഞാനും ഗീതു മോഹൻദാസും അക്രമിക്കപ്പെട്ട നടിയും രാജിക്കത്ത് സമർപ്പിച്ചിരുന്നു. റിമ കല്ലിങ്കൽ വിദേശത്തായിരുന്നതാനാൽ അതിന് പറ്റിയില്ല. എല്ലാത്തിനും ഉപരി ഞങ്ങളുടെ നിലപാട് ലോകത്തിന് മുന്നിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അവർക്ക് ഒരു രാജിക്കത്തിന്‍റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നും രമ്യ തുറന്ന് പറയുന്നു. മാത്രമല്ല ഡബ്ല്യുസിസി ഒരു സംഘടനയ്ക്കും എതിരല്ലെന്നും വിവാദങ്ങൾ ഉണ്ടാക്കുകയല്ല ലക്ഷ്യമെന്നും രമ്യ വ്യക്തമാക്കി. സ്വസ്ഥവും സുരക്ഷിതവുമായ തൊഴിൽ ചുറ്റുപാടാണ് ഞങ്ങൾക്ക് ആവശ്യം. അതിനായി പോരാടും. അമ്മയുമായി ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രമ്യ കൂട്ടിച്ചേർത്തു.