വൈഎസ്ആറിന്‍റെ ശബ്ദഭാവങ്ങളില്‍ മമ്മൂട്ടി; കയ്യടിച്ച് ഇന്ത്യന്‍ സിനിമ: വിഡിയോ

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ജനകീയ നേതാക്കളിലൊരാളായ ആന്ധ്രയുടെ വൈഎസ്ആറിന്‍റെ ജീവിതത്തിന് തിരശ്ശീലാ‘യാത്ര’. അതിന്‍റെ വിളംബരമായി പുറത്തിറങ്ങിയ ആദ്യ ടീസറിന് രാജ്യമാകെ ആവേശ വരവേല്‍പ്. ചിത്രത്തില്‍ ആന്ധ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാദശേഖറ റെഡ്ഢിയായി പകര്‍ന്നാടുന്ന മമ്മൂട്ടിയുടെ ടീസറിലെ പ്രകടനത്തിന് ഇന്ത്യന്‍ സിനിമാലോകവും തെലുങ്ക് രാഷ്ട്രീയ ലോകവും ഒപ്പം പ്രേക്ഷകരും കയ്യടിക്കുകയാണ്. വൈഎസ്ആറിന്‍റെ ജന്‍മദിനത്തില്‍ കഴിഞ്ഞ അര്‍ധരാത്രി 12 മണിക്ക് പുറത്തിറങ്ങിയ ടീസര്‍ നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി. 

വൈഎസ്ആര്‍ എന്ന നേതാവ് ആന്ധയുടെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് 1475 കിലോമീറ്റര്‍ നടത്തിയ ഐതിഹാസിക പദയാത്രയാണ് യാത്ര എന്നുപേരിട്ട ജീവചരിത്ര സിനിമയുടെ പ്രമേയം. ആ യാത്രയെയും കഥാപാത്രത്തെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ മഹി വി.രാഘവ് ആദ്യ ടീസറില്‍. ടീസറില്‍ മമ്മൂട്ടി നടത്തിയ രൂപ, ശബ്ദ പരകായത്തെയാണ് തെലുങ്ക് സിനിമാലോകമടക്കം വാഴ്ത്തലുകളില്‍ മൂടുന്നത്. 

വിഭജനത്തിന് മുന്‍പുള്ള ആന്ധ്രയില്‍ രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്നു വൈഎസ് രാജശേഖര റെഡ്ഢി. മറ്റു ജീവചരിത്ര സിനിമകളെപ്പോലെ യാത്ര വൈഎസ്ആറിന്‍റെ മുഴുജീവിതം അല്ല പറയുന്നത്. പില്‍ക്കാലത്ത് ചരിത്രമായി മാറിയ പദയാത്രയാണ് സിനിമയുടെ കേന്ദ്രബിന്ദു. അതുവഴി ആന്ധ്രപ്രദേശിന്‍റെ രാഷ്ട്രീയം മാറിയ കഥയാണ് സിനിമ. 2003ല്‍ നടത്തിയ യാതയ്ക്ക് പിന്നാലെ അദ്ദേഹം 2014ല്‍ അധികാരത്തിലെത്തി. 

സിനിമയില്‍ മമ്മൂട്ടി വൈഎസ്ആറിനെ അനുകരിക്കുകയല്ല, വ്യാഖ്യാനിക്കുകയാണെന്ന് മഹി വി.രാഘവ് പറഞ്ഞു. സംഭഷണങ്ങള്‍ ദീര്‍ഘകാലത്തെ തയ്യാറെടുപ്പോടെയാണ് അദ്ദേഹം ഹൃദിസ്ഥമാക്കുന്നത്. മലയാളത്തില്‍ എഴുതി അതിന്‍റെ അര്‍ത്ഥവും ആഴവും അദ്ദേഹം മനസ്സിലാക്കുകയാണ്. എന്‍റെ തെലുങ്കിനേക്കാള്‍ നല്ലതാണ് അദ്ദേഹത്തിന്‍റേത്.’ മഹി പറഞ്ഞു. 

ടീസറില്‍ വൈഎസ്ആര്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ പറയുന്നു:

എനിക്ക് അറിയണം

എനിക്ക് ശ്രദ്ധയോടെ കേള്‍ക്കണം

ആ കടപ്പ നാടിന് അപ്പുറവും ഓരോ വീടും എനിക്ക് സന്ദര്‍ശിക്കണം

അവര്‍ ഓരോരുത്തര്‍ക്കുമൊപ്പം നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

ആളുകളോടൊപ്പം നടക്കുന്നതുപോലെ എനിക്ക് തോന്നും

അവരുടെ ഹൃദയമിടിപ്പുകള്‍ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു

ഞാൻ വിജയിക്കുകയാണെങ്കിൽ അവർ എന്‍റെ മെരുങ്ങാത്ത ദൃഢനിശ്ചയങ്ങളെക്കുറിച്ച് നല്ലത് സംസാരിക്കും

ഞാൻ പരാജയപ്പെട്ടെങ്കില്‍ അവർ എന്റേത് മണ്ടത്തരമെന്ന് കുറ്റപ്പെടുത്തും

ഈ യാത്ര എന്‍റെ ദൃഢനിശ്ചയമോ മണ്ടത്തരമോ..?

ചരിത്രം തീരുമാനിക്കട്ടെ

ജനങ്ങള്‍ ഉച്ചത്തില്‍: വൈഎസ്ആര്‍ നീണാള്‍ വാഴട്ടെ.