കൊച്ചു കുഞ്ഞാലിയാകാൻ പ്രണവ്; വാനോളം പ്രതീക്ഷയിൽ കുഞ്ഞാലി മരയ്ക്കാർ

കുഞ്ഞാലി മരയ്ക്കാറായി മോഹൻലാൽ എത്തുന്നു എന്ന വാർത്ത പുറത്തു വന്നതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ് ഒടുവിൽ പുറത്തുവരുന്ന വാർത്ത. മോഹൻലാലിനൊപ്പം മകൻ പ്രണവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞാലിമരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആണ്. പ്രണവിന്റെ ആ വരവിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും പ്രിയദർശൻ ഫെയ്സ് ബുക്കിൽ കുറിച്ചു. 

മോഹൻലാലിനൊപ്പം തമിഴ് സൂപ്പർ സ്റ്റാർ പ്രഭുവും ചിത്രത്തിലെത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാലാപാനിക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാർ. പ്രഭുവിനെ കൂടാതെ ബോളിവുഡില്‍ നിന്ന് സുനിൽ ഷെട്ടിയും, പരേഷ് റാവലും, തെലുങ്കിൽ നിന്ന് നാഗാർജുനയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുമെന്ന വാർത്തകളുണ്ട്. പക്ഷെ, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഇതിനിടെ മമ്മുട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറിനെ പറ്റിയും അണിയറയിൽ ചർച്ച സജീവമാണ്. എന്നാൽ, രണ്ട് കഥകളും തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കുകയെന്ന് പ്രിയദർശനും സന്തോഷ് ശിവനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു