കുളിമുറി പാട്ടുകാർക്ക് ഇതാ ഒരു അവസരം

കുളിമുറി പാട്ടുകാര്‍ക്ക് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ സാങ്കേതികത്തനിമയോടെ പാടാന്‍ അവസരമൊരുക്കി ഫ്രം മഗ് ടു മൈക്ക്. കുളിമുറിയിലെ മൈക്കായ മഗില്‍ നിന്നും സ്റ്റുഡിയോ മൈക്കിലേക്ക് പാടാന്‍ ആഗ്രഹമുള്ളവര്‍ക്കാണ് ബംഗളൂരു മലയാളിയായ സുനില്‍ കോശിയുടെ നേതൃത്വത്തില്‍ അവസരമൊരുക്കുന്നത്. അഞ്ച് വര്‍ഷത്തനിടെ നാന്നൂറോളം പരിശീലനപരിപാടികളാണ് ഫ്രം മഗ് ടു മൈക്ക് ഒരുക്കിയിട്ടുള്ളത്.

കുളിമുറിയില്‍ മാത്രം മൂളിപ്പാട്ട് പാടുന്നവര്‍ക്ക് ഇനി മൈക്കിന് മുന്നില്‍ സാങ്കേതികപിന്തുണയോടെ പാടാം. കൊച്ചി, ബംഗളൂരു, ചെന്നൈ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ നടത്തിയ ഫ്രം മഗ് ടു മൈക്ക് എന്ന പരിശീലനപരിപാടി ആദ്യമായാണ് രാജ്യതലസ്ഥാനത്തെത്തുന്നത്. കുളിപ്പാട്ടുകാര്‍ക്ക് ആദ്യം പരിശീലനം നല്‍കും. പിന്നീട് ഓരോരുത്തരായി സ്റ്റുഡിയോയിലേക്ക്...മൈക്കിന്‍റെ മുന്നില്‍ എങ്ങനെ നില്‍ക്കണം എന്നതില്‍ തുടങ്ങി പ്രൊഫഷണല്‍ ഗായകര്‍ക്ക് നല്‍കുന്ന സ്റ്റുഡിയോ പരിശീലനം ഇവര്‍ക്കും നല്‍കും.

റെക്കോര്‍‍ഡ് ചെയ്തശേഷം പാട്ടിലെ ഏറ്റക്കുറച്ചിലുകളും പറഞ്ഞുകൊടുക്കും. കുളിമുറിയില്‍ മാത്രമല്ല സ്റ്റേജുകളില്‍ പോലും പാടുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനനിയമങ്ങള്‍ മനസിലാക്കാനുള്ള ഏറ്റവും നല്ല അവസരം.രാജ്യതലസ്ഥാനത്ത് നടത്തിയ വര്‍ക്ക്ഷോപ്പില്‍ വിവിധപ്രായക്കാരായ മുപ്പതോളം പേര്‍ പങ്കെടുത്തു. മൂന്ന് കന്നഡചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിച്ച സുനില്‍ കോശി, ആറായിരത്തിലധികം പേരാണ് മഗ് ടു മൈക്കിലൂടെ പരിശീലനം നേടിയത്.