തീറ്ററപ്പായിയുടെ ജീവിതം സിനിമയാകുന്നു

തൃശൂരിന്റെ സ്വന്തം തീറ്ററപ്പായിയുടെ ജീവിതം സിനിമയാകുന്നു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് നായകന്‍. ചിത്രീകരണം തൃശൂര്‍ എരുമപ്പെട്ടിയില്‍ തുടങ്ങി. 

ആര്‍.എല്‍.വി രാമകൃഷ്ണനെ കണ്ടാല്‍ തീറ്ററപ്പായിയാണെന്ന് തോന്നും. അത്രയും മനോഹരമായാണ് മേക്കപ്പ്. തോള്‍സഞ്ചിയുമായി തൃശൂരിന്റെ നിരത്തുകളില്‍ വയറുനിറയ്ക്കാന്‍ അലഞ്ഞ റപ്പായിയേട്ടന്റെ കഥയാണിത്. തീറ്ററപ്പായിയുടെ തീറ്റമല്‍സരങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട് തൃശൂരില്‍. തീറ്റമല്‍സരത്തില്‍ റപ്പായിയെ തോല്‍പിക്കാന്‍ മൊട്ടുസൂചി ഭക്ഷണത്തില്‍ കലര്‍ത്തിയതാണ് ഏറെ പ്രചരിച്ച ഒരു കഥ. എത്ര കഴിച്ചാലും നിറയാത്ത വയറിന്റെ കഥയാണ് തീറ്ററപ്പായി സിനിമ പറയുന്നത്. 

സംവിധായകന്‍ വിനയന്റെ ഒട്ടേറെ ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ച വിനു രാമകൃഷ്ണനാണ് കഥയെഴുതി തീറ്ററപ്പായി സംവിധാനം ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ താരം സോണിയ അഗര്‍വാളാണ് ചിത്രത്തിലെ നായിക. തൃശൂരിലും പരിസരങ്ങളിലുമാണ് ലൊക്കേഷന്‍. കെ.ബി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ വിക്രമന്‍ സ്വാമിയാണ് ചിത്രം നിര്‍മിക്കുന്നത്.