പ്രശസ്തനായ തമിഴ് നടനെ തല്ലേണ്ടി വന്നിട്ടുണ്ട്; തുറന്നു പറച്ചിലുമായി രാധിക ആപ്തെ

ആരോടു വേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങൾ തുറന്നു പറയാനുളള ചങ്കുറ്റം ഉളളതു കൊണ്ടാകും ബോളിവുഡിലെ ഏറ്റവും ബോൾഡ് നടിയേതാണെന്ന് ചോദിച്ചാൽ തെല്ലും ആലോചിക്കാതെ രാധിക ആപ്തെയുടെ പേര് മനസിലേയ്ക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധി ആപ്തെ ബോളിവുഡിൽ ഉയർത്തി വിട്ട വിവാദക്കാറ്റ് പെട്ടെന്ന് അടങ്ങിയതുമില്ല. വീണ്ടുമൊരു തുറന്നു പറച്ചിലുമായി തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് രാധി ആപ്തെ.

മുംബൈ മിററിന് വേണ്ടി നേഹ ധൂപിയ നടത്തിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍.  ഒരു തമിഴ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആദ്യ ദിവസം തന്നെ തന്നോട് അപമര്യാദയായി പെരുമാറിയ തെന്നിന്ത്യയിലെ സൂപ്പർതാരത്തിന്റെ മുഖത്തടിച്ചുവെന്നാണ് വെളിപ്പെടുത്തൽ. 

‘ആ സിനിമയിലെ എന്റെ ആദ്യ ദിവസമാണ്. ഞാൻ അവിടെ ഇരിക്കുമ്പോൾ, തമിഴിലെ പ്രശസ്തനായൊരു നടൻ അരികിലെത്തി കാലുകളിലൂടെ വിരലോടിക്കാൻ തുടങ്ങി. ഞാൻ അയാളെ അന്നാണ് ആദ്യമായി കാണുന്നത് തന്നെ. വളരെയധികം ഞാൻ അപമാനിക്കപ്പെട്ടു. അയാളുടെ മുഖത്തടിച്ചു കൊണ്ടായിരുന്നു എന്റെ പ്രതികരണം– രാധിക പറഞ്ഞു. എന്നാൽ സിനിമയുടെ പേരോ നടന്റെ പേരോ വെളിപ്പെടുത്താൻ നടി തയ്യാറായില്ല.2012ല്‍ പ്രകാശ് രാജിന്റെ ധോണി എന്ന ചിത്രത്തിലൂടെയാണ് രാധിക തമിഴ് സിനിമയിൽ എത്തിയത്.

2012ൽ ധോണി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തുന്നത്.  ഓൾ ഇൻ ഓൾ അഴകുരാജ, വെട്രി സെൽവൻ, കബാലി എന്നിവയാണ് നടിയുടെ തമിഴ് ചിത്രങ്ങൾ. ഫഹദ് നായകനായി എത്തിയ ഹരം സിനിമയിലൂടെ മലയാളത്തിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിക്കിനി ധരിച്ച് ബീച്ചിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുവെന്ന കാരണത്താൽ  താരത്തിനെതിരെ  സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം ഉണ്ടായത്. നടി ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രം ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്ന സദാചാര വാദികളുടെ ശബ്ദം അതിരു വിട്ടതോടെ രാധിക ആപ്തെ തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. 

ഇത് ഒക്കെ കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നതെന്നും ബീച്ചിൽ ബിക്കിനിക്ക് പകരം സാരിയുടുത്തു പോകണമെന്നാണോ വിമർശകർ പറയുന്നതെന്നും താരം ചോദിച്ചു. സിനിമാ തിരക്കിന് ഇടയില്‍ തന്റെ സുഹൃത്തുക്കളുമൊത്ത് ഗോവയില്‍ എത്തിയതായിരുന്നു നടി. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഗോവന്‍ ബീച്ചില്‍ നിന്നെടുത്ത ചിത്രമാണ് സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായത്.