ആരാണ് മേരിക്കുട്ടി..? അവളില്‍ നായകനും നായികയുമുണ്ട്; രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തുന്നു

കഥാപാത്രമായി മാറാൻ എന്തു സാഹസത്തിനും മുതിരുന്ന ജയസൂര്യയുടെ 'ഞാൻ മേരിക്കുട്ടി' എന്ന പുതിയ ചിത്രത്തിന്റെ ടീസർ ഒട്ടൊന്നുമല്ല 

മലയാളികളെ അമ്പരപ്പിച്ചത്. പുണ്യാളൻ രണ്ടാം ഭാഗത്തിനു ശേഷം രഞ്ജിത് ശങ്കർ–ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. 

മേരിക്കുട്ടിയെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ മനോരമന്യൂസ്ഡോട്ട്കോമിനോട് സംസാരിക്കുന്നു. ഇതാദ്യമായാണ് മേരിക്കുട്ടിയെക്കുറിച്ച് സംവിധായകന്‍ തുറന്നു പറയുന്നത്. 

ആരാണ് മേരിക്കുട്ടി?

മേരിക്കുട്ടി നമ്മുടെ ഇടയിൽ തന്നെയുള്ളയാളാണ്. സ്ത്രീകളേക്കാൾ ഏറെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവളാണ് മേരിക്കുട്ടി. ലൈംഗികവൃത്തിയോ ഭിക്ഷാടനമോ മാത്രമാണ് ഇവരെപ്പോലെയുള്ളവർക്ക് വിധിച്ചിട്ടുള്ളതെന്ന് പറയുന്ന സമൂഹത്തിന് അപവാദമാണ് മേരിക്കുട്ടി. അവളിലൊരു ഹീറോയും ഹീറോയിനുമുണ്ട്. സിനിമയിലെ നായകനും നായികയും മേരിക്കുട്ടിയാണ്. 

രഞ്ജിത്ത്ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് മേരിക്കുട്ടി. സൗഹൃദമാണോ ജയസൂര്യയെ മേരിക്കുട്ടിയാക്കാനുള്ള കാരണം?

ഇതിനുമുന്‍പ് ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളിലൊന്നും ആദ്യം പരിഗണിച്ചിരുന്നത് ജയസൂര്യയെയല്ല. പലരോടും കഥകൾ പറഞ്ഞതിന് ശേഷമാണ് ജയനിലേക്ക് എത്തുന്നത്. മേരിക്കുട്ടി പക്ഷെ അങ്ങനെയല്ല. മേരിക്കുട്ടിയാകാൻ ആര്? എന്ന ചോദ്യത്തിന് എന്റെ മുമ്പിൽ ജയസൂര്യ എന്ന ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. കാരണം ഇപ്പോൾ ഇൻഡസ്ട്രിയിലുള്ളതിൽവച്ച് ഇതുപോലെയൊരു കഥാപാത്രമാകാനും അതിനുവേണ്ടി ഏതറ്റംവരെ പരിശ്രമിക്കാനും സാധിക്കുന്ന നടൻ ജയസൂര്യയാണ്.

സു..സു..സുധി വാത്മീകമാണ് ജയസൂര്യയുടെ മികച്ച സിനിമയെന്ന് പലരും പറയുമ്പോഴും ഞാനതിനോട് യോജിക്കില്ല. എന്റെ അഭിപ്രായത്തിൽ പ്രേതമാണ് മികച്ചത്. അത്തരമൊരു കഥാപാത്രമാകാൻ ജയസൂര്യയുടെ രൂപവും ശരീരഭാഷയുമൊക്കെ വഴങ്ങിയത് അത്ഭുതത്തോടെയാണ് കണ്ടത്. ഓരോ സിനിമ കഴിയുന്തോറും കൂടുതൽ മികച്ചനടനായി മാറിക്കൊണ്ടിരിക്കുകയാണ് ജയന്‍. 

ജയസൂര്യ മേരിക്കുട്ടിയാകുമ്പോൾ?

എഴുത്ത് കഴിഞ്ഞ് ഷൂട്ടിങ്ങിലേക്ക് കടക്കുന്നതേയുള്ളൂ.  ഞാനാണെങ്കിലും മേരിക്കുട്ടിയെ കൂടുതൽ മനസിലാക്കി വരുന്നതേയുള്ളൂ. ആ യാത്രയിലെ ഓരോ സ്റ്റേജിലും ജയനും ഒപ്പമുണ്ട്. മേരിക്കുട്ടിയായി പതിയെ പതിയെ ജയൻ മാറിക്കഴിഞ്ഞു. ഒരു കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്ക് വേണ്ടി ജയസൂര്യ എടുക്കുന്ന പരിശ്രമം എന്നെ അമ്പരപ്പിക്കുന്നുണ്ട്. ഷാജി പാപ്പൻ എന്ന മസ്കുലിൻ കഥാപാത്രത്തിന് ശേഷമാണ് മേരിക്കുട്ടിയായി മാറുന്നത്. ശരീരഭാഷ, ചലനങ്ങൾ, നോട്ടം എല്ലാം വ്യത്യസ്തമാണ്. 

ആ ഭാവപ്പകർച്ചയുടെ പരിപൂർണ്ണതയ്ക്കുവേണ്ടിയാണ് കാതുകുത്തിയത്. വേണമെങ്കിൽ ഒട്ടിക്കുന്ന കമ്മൽ വയ്ക്കാമായിരുന്നു. എന്നാൽ അതുവേണ്ട, പെർഫെക്ടാകണമെങ്കിൽ കാതുകുത്തുക തന്നെ വേണമെന്നുപറഞ്ഞിട്ടാണ് ജയൻ അങ്ങനെ ചെയ്തത്. മേരിക്കുട്ടിക്കുവേണ്ടി കൈയിൽ ശരിക്കുള്ള നഖം പോലും വളർത്തി. നഖമുള്ളവരുടെ കൈയുടെ ചലനങ്ങളും അല്ലാത്തവരുടെ വിരലുകളുടെ ചലനവും വ്യത്യാസമാണ്. 

ഭക്ഷണം കഴിക്കുമ്പോൾപ്പോലും ഒരു താളം നഖമുള്ളവരുടെ കൈയ്ക്കുണ്ട്. ചെറിയ ചലനംപോലും ഒറിജിനലാകാൻവേണ്ടി നഖം വളർത്തി ഭക്ഷണം കഴിച്ച് ശീലിക്കുകവരെ ചെയ്യുന്നുണ്ട്. വാക്സിങ്ങിന്റെയും ത്രഡിങ്ങിന്റെയുമൊക്കെ വേദന അനുഭവിച്ചുതന്നെയാണ് ജയൻ മേരിക്കുട്ടിയായി മാറുന്നത്. ഓരോതവണയും മീശകുരുത്തുവരുമ്പോൾ അത് ത്രഡ് ചെയ്ത്കളയും. അപ്പോഴൊക്കെയുള്ള വേദനകൾ എക്സൈറ്റ്മെന്റുകളാക്കിയാണ് മാറ്റുന്നത്. വേദനകളൊക്കെ കഥാപാത്രത്തിന്റെ പൂർണ്ണതയുടെ ഭാഗമാണല്ലോ. ഓരോ ചെറിയ പരിശ്രമവും കഥാപാത്രത്തിലേക്ക് കൂടുതൽ  അടുപ്പിക്കുകയാണ് അദ്ദേഹത്തെ. 

സിനിമയുടെ ഷൂട്ടിങ്ങ് കഴിയുമ്പോഴേക്കും മേരിക്കുട്ടി എത്രമാത്രം ആവേശിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. രാത്രി ഒരു മണിക്കൊക്കെ സുധി വാത്മീകത്തിലെ സുധിയെക്കുറിച്ച് ചോദിക്കാൻ വിളിച്ച ആളാണ് ജയൻ. ആ സ്ഥിതിക്ക് മേരിക്കുട്ടി ഒപ്പം കൂടിക്കഴിയുമ്പോൾ എന്തൊക്കെ മാറ്റം വരുമെന്ന് കണ്ടറിയാം. 

മേരിക്കുട്ടിയെ ഇത്രയധികം സുന്ദരിയാക്കിയതാരാണ്?

രണ്ടുമൂന്ന് മാസത്തെ പരിശ്രമത്തിന്റെ ഫലമാണ് മേരിക്കുട്ടിയുടെ ലുക്ക്. ലുക്കിന്റെ ക്രെഡിറ്റ് മേക്കപ്പ്മാൻ റോണെക്സിനാണ്. ഒരുപാട് വർക്ക് െചയ്തിട്ടാണ് ലുക്ക് തീരുമാനിച്ചത്. ആദ്യമേതന്നെ മേരിക്കുട്ടിക്ക് മുടി അധികം വേണ്ട എന്ന് തീരുമാനിച്ചിരുന്നു. പിന്നെ ഏത്ര വേണമെന്ന് കുറേ ട്രയൽ നടത്തിയശേഷമാണ് നിശ്ചയിച്ചത്. ത്രെഡിങ്ങ് വേണോ, കൺപീലി എങ്ങനെവേണം എന്നൊക്കെ ടീംവർക്കായിട്ടാണ് ആലോചിച്ചത്.  കോസ്റ്റ്യൂംസ് ചെയ്യുന്നത് സരിത ജയസൂര്യയാണ്. 

ഇതിനും മുന്‍പ് മലയാളത്തിൽ ഭിന്നലിംഗത്തിലുള്ളവരെക്കുറിച്ചിറങ്ങിയ സിനിമ വളരെയേറെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മേരിക്കുട്ടിക്ക് അത്തരമൊരു അവസ്ഥ വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുത്തിട്ടുണ്ട്?

വിമർശനങ്ങൾ വരുമെന്ന് ഭയന്ന് ഒരു സിനിമ എടുക്കാതിരിക്കാൻ സാധിക്കില്ല. പരമാവധി സത്യസന്ധമായിട്ട് മേരിക്കുട്ടിയുടെ കഥപറയാൻ നോക്കിയിട്ടുണ്ട്. ഞാൻ ‘സു..സു..സുധി വാത്മീകം’ ചെയ്യാൻ തീരുമാനിച്ച സമയത്തും നിരവധിയാളുകൾ ചോദിച്ചിട്ടുണ്ട് ഇത്തരമൊരു വിഷയം വിക്കുള്ളവരെ കളിയാക്കുന്ന രീതിയിൽ ആയാലോ എന്ന്. 

ഒരുസിനിമയ്ക്കുവേണ്ടി നടത്തുന്ന ഗവേഷണങ്ങൾ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ഞാൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയെടുക്കാൻ എനിക്കൊരു ആവേശം തോന്നണം. മേരിക്കുട്ടിയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഈ സിനിമ ചെയ്യേണ്ട സമയം ഇതാണെന്ന് തോന്നി. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരോടുമെല്ലാം നന്നായി സംസാരിച്ചും അടുത്ത് ഇടപഴകിയുമൊക്കെയാണ് മേരിക്കുട്ടിയെക്കുറിച്ചൊരു രൂപം ഉണ്ടാകുന്നത്.

ഗവേഷണങ്ങൾ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ കാഴ്ചപ്പാടുകൾ മാറ്റിയോ?

തീർച്ചയായും. പ്രേതം ചെയ്യുന്ന സമയത്താണ് ഈ വിഷയം സിനിമയാക്കിയാലോ എന്ന് ആലോചിക്കുന്നത്. അന്ന് പക്ഷെ എനിക്ക് ഇവരെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. പേളി മാണിയോടൊപ്പമാണ് ഭിന്നലിംഗത്തിലുള്ളവരെ കാണുന്നത്. രണ്ട് വർഷം മുന്‍പായിരുന്നു അത്.  അന്ന് സാധാരണസമൂഹത്തിനുള്ള കാഴ്ചപാടുകളൊക്കെ തന്നെയായിരുന്നു എനിക്കുമുണ്ടായിരുന്നത്. പക്ഷെ ഞാൻ നടത്തിയ ഗവേഷണങ്ങൾ എന്റെ കാഴ്ചപ്പാടുകളെ ഒരുപാട് മാറ്റി.

സിനിമ പുറത്തിറങ്ങുമ്പോൾ കുറച്ചുപേരുടെ മനസിലെങ്കിലും മേരിക്കുട്ടിയെപ്പോലെയുള്ളവരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുമെന്നാണ് വിശ്വാസം. 

നേരത്തെയൊക്കെ സിനിമ ബോക്സോഫീസിൽ ഹിറ്റ് ആകണം എന്നുമാത്രമായിരുന്നു ചിന്തിച്ചിരുന്നത്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല, നമ്മളെ മോട്ടിവേറ്റ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും സിനിമയിൽ വേണം. എന്നാൽ മാത്രമേ അത് ചെയ്യാൻ തോന്നുകയുള്ളൂ. ജയനും അതേ മാനസികാവസ്ഥയാണ്. റംസാൻ റീലിസായിട്ടാണ് മേരിക്കുട്ടി എത്തുക– രഞ്ജിത്ത് ശങ്കര്‍ പറഞ്ഞുനിര്‍ത്തി.