ആര്യയുടെ വധുവാകാൻ മലയാളിപെൺകുട്ടികളും, അവർ നൽകിയ സമ്മാനം!

ആര്യയെ വിവാഹം കഴിക്കാൻ മലയാളിപെൺകുട്ടികളും. നടൻ ആര്യയുടെ വിവാഹം റിയാലിറ്റി ഷോയായി മാറുകയാണ്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. വധുവിനെ റിയാലിറ്റി ഷോയിലൂടെയായിരിക്കും തിരെഞ്ഞടുക്കുക. ഈ ഷോ തമിഴ് കളേഴ്‌സ് ടിവിയാണ് സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് 16 പേരെ 'എങ്ക വീട്ടു മാപ്പിളൈ' എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.  

രണ്ട് മലയാളി പെൺകുട്ടികളെ മത്സരത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് മത്സരാർത്ഥികൾ. വളരെ ശാന്ത സ്വഭാവമുള്ള പെണ്‍കുട്ടിയാണ് ദേവസൂര്യയെന്ന് ആര്യ പറഞ്ഞു. കൊച്ചി സ്വദേശിയാണെങ്കിലും നന്നായി തമിഴ് സംസാരിക്കുന്നുണ്ടെന്ന് ആര്യ ദേവസൂര്യയോട് പറഞ്ഞു. വെറുംകൈയോടെയല്ല ദേവ ആര്യയെ കാണാൻ എത്തിയത്. സമ്മാനമായി നൽകിയ കേരളത്തിന്റെ തനതുവേഷമായ കസവ് മുണ്ടും ഷർട്ടുമായിരുന്നു ദേവയുടെ സമ്മാനം.  ഇത് എന്തായാലും ഞാന്‍ വിവാഹത്തിന് ധരിക്കുമെന്ന് ആര്യ ഉറപ്പുനല്‍കി.

പരമ്പരാഗത സ്റ്റൈലിലാണ് സീത വന്നതെന്ന് ആര്യ പറയുന്നു. ആഗ്രഹസഫലീകരണത്തിനായി തേങ്ങയും കൊണ്ടാണ് സീതാലക്ഷ്മി വന്നത്. സീത കൊണ്ടുവന്ന തേങ്ങ കൈ കൊണ്ടാണ് ആര്യ ഉടച്ചത്. ഉടൻ തന്നെ ആര്യയെ ഭർത്താവായി വേണമെന്നായി സീത. ആര്യയെ കണ്ടതോടെ രോമാഞ്ചം വന്നെന്നും ആര്യയുടെ ഇഷ്ട ചിത്രം നാൻ കടവുൾ ആണെന്നും സീത പറയുന്നു. രാജറാണിയാണ് ഇഷ്ടപ്രണയചിത്രമെന്ന് സീത പറഞ്ഞപ്പോൾ കാണാൻ നസ്രിയയേക്കാൾ ക്യൂട്ട് ആണ് സീതയെന്നായിരുന്നു ആര്യയുടെ കമന്റ്.

തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് ആര്യ തന്റെ ഫേസ് ബുക്കിൽ ഒരു വിഡിയോ ഇട്ടിരുന്നു. സിനിമ മേഖലയിൽ നിന്നുള്ളവർ വേണമെന്ന് നിർബന്ധമില്ലെന്നും, തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായൽ മതിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. താൽപര്യമുള്ളവർക്ക് വിളിക്കാൻ മൊബൈൽ നമ്പറും നൽകി.  ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ ഫെയ്‌സ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു.