ധനുഷ് ‘പാഡ്മാന്‍’ ആകണം, ആഗ്രഹം പറഞ്ഞ് ഒറിജിനൽ പാഡ്മാൻ

ബോളിവുഡ് ചിത്രം പാഡ്മാന്‍ തമിഴില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് മറ്റാരുമല്ല. സാക്ഷാല്‍ പാഡ്മാന്‍ അരുണാചലം മുരുകാനന്ദമാണ്. ധനുഷാണ് ആ കഥാപാത്രത്തിന് യോജ്യനെന്നും അരുണാചലം പറയുന്നു. 

ചെറിയ ചിലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മ്മിച്ച് നല്‍കിയതിലൂടെ വിപ്ലവം സൃഷ്ടിച്ച കോയമ്പത്തൂരിലെ സാധാരണക്കാരനായിരുന്ന അരുണാചലം മുരുകാനന്ദത്തിന്‍റെ കഥയാണ് പാഡ്മാനിലൂടെ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്ഷയ് കുമാറാണ് നായകന്‍. നേരത്തെ പ്രദേശിക ഭാഷകളില്‍ തന്‍റെ കഥ സിനിമയാക്കാന്‍ പലരും സമീപിച്ചിരുന്നെങ്കിലും  തയ്യാറായിരുന്നില്ല.  

ഇതൊരു ബിസിനസ്  എന്ന രീതിയില്‍ തുടങ്ങിയതല്ല, വലിയ ത്യാഗം ഇതിനായി സഹിച്ചിട്ടുണ്ട്. ആ ത്യാഗത്തിന്‍റെ കഥ രാജ്യം മുഴുവന്‍ അറിയണമെന്ന ആഗ്രഹമാണ് ഹിന്ദിയില്‍ ചെയ്യാന്‍ തയ്യാറായത്. ഇപ്പോഴത് തമിഴില്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അരുണാചലം പറഞ്ഞു. ചെന്നൈയില്‍ പാഡ്മാന്‍റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തന്‍റെ ജീവിതം എണ്‍പത്തിയഞ്ച് ശതമാനവും സിനിമയിലുണ്ട്. ഇന്നും തന്‍റെ ഗ്രാമത്തില്‍ ആര്‍ത്തവം തുറന്ന് പറയാന്‍ മടിയുള്ളവര്‍ ഏറെയുണ്ട്. തുറന്ന് പറയാനുള്ള സാഹചര്യത്തിലേക്ക് അവരെ എത്തിക്കുക കൂടി സിനിമയുടെ ലക്ഷ്യമാണ്. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും സിനിമ ചെയ്യുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്നും അരുണാചലം കുട്ടികളോടായി പറഞ്ഞു.