‘ക്യാപ്റ്റൻ’ ഇമോഷണലായി വേട്ടയാടി, അതിഗംഭീരം; ലൈവില്‍ ഗോപി സുന്ദർ

ക്യാപ്റ്റൻ എന്ന പുതിയ സിനിമ മാനസികമായി തന്നെ അമ്പരപ്പിക്കുകയും വേട്ടയാടുകയും ചെയ്തെന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടെ ഡിപ്രഷൻ തലത്തിലേക്ക് പോയെന്നും അതുകൊണ്ടുതന്നെ മറ്റെല്ലാ സിനിമകളുടെയും വർക്കുകൾ മാറ്റിവെച്ച് ക്യാപ്റ്റനായി സംഗീതമൊരുക്കിയെന്നും ചിത്രത്തിന്‍റെ സംവിധായകനൊപ്പമെത്തിയ ഫെയ്സ്ബുക്ക് ലൈവിൽ ഗോപി സുന്ദർ പറഞ്ഞു.

ഓരോ സീക്വൻസും എന്നെ അമ്പരപ്പിച്ചു, ആകര്‍ഷിച്ചു. ചിത്രം ആദ്യം കണ്ടപ്പോൾ മുതൽ വല്ലാതെ ഇമോഷണലായി. ഡിപ്രഷനിലേക്ക് പോലും എത്തിക്കുന്ന അവസ്ഥയുണ്ടായി. അത്രയ്ക്ക് മനോഹരമാണ് ഈ സിനിമ. സാധാരണ ഞാൻ  മൂന്നും നാലും സിനിമകൾ ഒരേസമയം വർക്ക് ചെയ്യും. പക്ഷേ ഇതെനിക്ക് അങ്ങനെ പറ്റിയില്ല. അതുകൊണ്ട് മറ്റെല്ലാം മാറ്റിവെച്ച് ക്യാപ്റ്റന് മാത്രമായി ഞാൻ ഡേറ്റ് ബ്ലോക്ക് ചെയ്തു. ഇതിനുമുൻപ് ഉസ്താദ് ഹോട്ടലാണ് എന്നെ ഇങ്ങനെ ഇമോഷണലായി പിന്തുടർന്നത്– ഗോപി സുന്ദർ പറഞ്ഞു.

ചിത്രത്തിനായി ഗോപി സുന്ദര്‍ ജീവന്‍ കൊണ്ടാണ് സംഗീതം ഒരുക്കിയതെന്ന് സംവിധായകന്‍ പ്രജേഷ് സെന്നും ലൈവ് വിഡിയോയില്‍ പറഞ്ഞു. ഇന്ത്യയുടെയും കേരളത്തിന്‍റെയും പ്രിയപ്പെട്ട ഫുട്ബോളർ വിപി സത്യന്‍റെ കളിയും ജീവിതവുമാണ് സിനിമ പറയുന്നത്. മാധ്യമപ്രവർത്തകനായ പ്രജേഷ് സെന്നിന്റെ ആദ്യ സംവിധാന സംരംഭം ഈ മാസം 16ന് തീയറ്ററുകളിലെത്തും. സത്യനായി ജയസൂര്യയാണ് എത്തുന്നത്. അനു സിതാരയാണ് നായികാവേഷത്തില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.