മണവാട്ടിയായി ഭാവന; മൈലാഞ്ചിയിട്ടത് നടിമാർ; ആശംസയുമായി പ്രിയങ്ക ചോപ്ര

മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവനയുടെ വിവാഹമാണ്  നാളെ.  കന്നട നിർമാതാവ് നവീൻ ആണ് വരൻ.   ഇന്നലെ രാത്രി അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആഘോഷം തൃശൂരിൽ നടന്നു. സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്. സയനോരയും രമ്യ നമ്പീശനും പാട്ടുകൾ പാടി. വനിത സുഹൃത്തുക്കൾ മാത്രമായിരുന്നു  ആഘോഷത്തിൽ പങ്കെടുത്തത്. ഇന്നും മൈലാഞ്ചിയിടൽ ചടങ്ങുണ്ട്. വിവാഹത്തിന് ആശംസ നേർന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാട്സ്ആപ്പിൽ സന്ദേശം അയച്ചു. സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ ആശംസകളുമായി വിളിക്കുന്നുണ്ട്. 

 

ക്ഷണിച്ചത് തിരഞ്ഞെടുക്കപ്പെട്ടവരെ

വിവാഹത്തിന്  പൊതുവെ സിനിമയിലെ പ്രമുഖരായ എല്ലാവരേയും ക്ഷണിക്കുക പതിവാണ്. ഭാവന അക്കാര്യത്തിലും പ്രത്യേക നിലപാട് എടുത്തു. വ്യക്തിപരമായ അടുപ്പവും സൗഹൃദവും പുലർത്തുന്നവരെ മാത്രം കല്യാണം ക്ഷണിച്ചു. സിനിമയിലെ പല പ്രമുഖരേയും വിവാഹം ക്ഷണിച്ചിട്ടില്ല. 

താലിക്കെട്ട് തിരുവമ്പാടിയിൽ

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലാണ്  രാവിലെ 9.30 ന് താലിക്കെട്ട്. ബന്ധുക്കൾക്കുള്ള വിരുന്ന് ജവഹർലാൽ കൺവൻ സെന്ററിൽ. സിനിമാക്കാർക്കുള്ള വിരുന്ന് വൈകിട്ട് ലുലു കൺവൻഷൻ സെന്ററിലും. വിവാഹ ക്ഷണക്കത്തുള്ളവർക്ക് മാത്രമാണ് പ്രവേശനം.