‘ഭാവന തന്നെ വേണം ആ റോളില്‍’‍; കാത്തിരുന്ന മടങ്ങിവരവ് ഇങ്ങനെ

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' പ്രഖ്യാപനം മുതൽ ഈ അടുത്ത കാലത്ത് ഇത്രത്തോളം വാർത്തകളിൽ നിറഞ്ഞ് നിന്ന മറ്റൊരു ചിത്രമില്ല. അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമന്യൂസ് ഡോട്ട്കോമുമായി പങ്കുവയ്ക്കുകയാണ് നിർമാതാവ്  റെനീഷ് അബ്ദുള്‍ഖാദർ.

തിരിച്ചുവരവ് ഗംഭീരമാക്കാൻ ഭാവന

കഥ കഴിഞ്ഞപ്പോൾ തന്നെ ഭാവന ഈ സിനിമയിലുണ്ടാവണം ഞങ്ങളുടെ ക്യാരക്ടറായി എന്നത് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഭാവനയിലേയ്ക്ക് എത്തുന്നത്. കഥ പറയുന്ന പശ്ചാത്തലവും കഥ സഞ്ചരിക്കുന്ന വഴികളും ഏറെ വിത്യസ്തമായിരുന്നു, അതു കൊണ്ട് മറ്റൊരു നായികയിലേയ്ക്ക് ഞങ്ങൾ പോയില്ല, ഭാവനയിലേയ്ക്ക് തന്നെ ഞങ്ങള്‍ എത്തുകയായിരുന്നു. ആദ്യം ഫോണിലൂടെയാണ് ഞാൻ കഥ പറയുന്നത്. ആ സമയം സംവിധായകൻ കൂടെയുണ്ടായിരുന്നില്ലാ. അപ്പോള്‍ ഭാവന നോക്കാമെന്ന് പറഞ്ഞു. പിന്നീട് നടന്ന കൂടിക്കാഴ്ചയില്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചു. പിന്നീട് വീണ്ടും സിനിമ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷമാണ് നമ്മള്‍ ഈ സിനിമ ചെയ്യുന്നു എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ഷറഫുദ്ദീനും പ്രധാന കഥാപാത്രം

ഒരു വർഷത്തിലധികമായി ഞങ്ങൾ ഈ സിനിമയുടെ ചർച്ചകൾ നടത്തുന്നു. ഓഗസ്റ്റ് മാസത്തിലാണ് ഞങ്ങൾക്ക് കഥ റെഡിയാവുന്നത്. ആദ്യം ഷറഫുദ്ദീനോടാണ് പറയുന്നത്. അതിന് ശേഷമാണ് ഒരു പൂർണ തിരക്കഥയാവുന്നത്. ഒരു കൊച്ചു മനോഹരമായ ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാകും ചിത്രം.ത്. ഭാവനയും ഷറഫുദ്ദീനും അല്ലാതെയുള്ള ബാക്കി കാസ്റ്റിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

ഭാവന ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു

ഈ സിനിമയുടെ കഥ ഭാവനയെ തന്നെ ഡിമാൻ്റ് ചെയ്യുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അതു കൊണ്ട് തന്നെയാണ് ഭാവനയിലേയ്ക്ക് ഞങ്ങൾ ചെന്നതും. ഞാൻ ഒരു പുതിയ നിർമതാവാണ്, സംവിധായകനും പുതിയ ആളാണ്. ശരിക്കും ഭാവന ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറയുന്നതാണ് ശരി. കാരണം പുതുമുഖങ്ങളായ ഞങ്ങളുടെ സിനിമയിലൂടെ തിരിച്ചുവരവിന് അവർ ഒരുങ്ങുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. വലിയ രീതിയിലുള്ള വാർത്താ പ്രാധാന്യം ചിത്രം നേടിയിട്ടുണ്ട്. പ്രേക്ഷകർ വലിയ രീതിയില്‍ ചിത്രത്തെ കാത്തിരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

പേരിലെ കൗതുകം

സിനിമയെ ഏറ്റവും ശ്രദ്ധേയമാക്കുന്ന കാര്യങ്ങളിൽ ഒന്ന് ഈ പേര് തന്നെയാണ്. ' ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' വലിയ ഒരു ഫാമിലിയിൽ നടക്കുന്ന ഒരു കൊച്ചു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഇക്കാക്കയുടെ ഒരു പ്രണയത്തെ പറ്റി തന്നെയാണ് സിനിമ സംസാരിക്കുന്നത്. ഒപ്പം ചിത്രത്തിന്‍റെ പോസ്റ്ററും വൈറലാണ്. പോസ്റ്ററിൽ സിനിമ സംസാരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് നടന്നു. ഒരു ഡൂഡിൽ ആർട്ടായാണ് പോസ്റ്റർ ഒരുക്കിയിരുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മെയ് ആദ്യ വാരം സിനിമയുടെ ഷൂട്ട് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാവനയും ഷറഫുദ്ദീനും അല്ലാതെയുള്ള ബാക്കി കാസ്റ്റിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏകദേശം കാസ്റ്റിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. കേരളിത്തിന് അകത്തും പുറത്തും ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്നുണ്ട്, ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.