ബോക്സോഫീസില്‍ മമ്മൂട്ടി; തിളങ്ങി ലാല്‍, ദിലീപ്, ജയസൂര്യ, ഫഹദ്

മുന്‍വര്‍ഷം പുലിമുരുകന്‍ ആയിരുന്നു മലയാളസിനിമയുടെ ബോക്സോഫീസ് ഭരിച്ചത്. മോഹന്‍ലാലിന്‍റെ പുലിമുരുകനും ഒപ്പവും കളക്ഷനില്‍ 2016ല്‍ റെക്കോര്‍ഡിലെത്തി. ഈ വര്‍ഷമാകട്ടെ ബോക്സോഫീസില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച് റെക്കോര്‍ഡിട്ടത് മമ്മൂട്ടിയും.  

ഗ്രേറ്റ് ഫാദര്‍, രാമലീല, ആട് 2, മാസ്റ്റര്‍പീസ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും,  പറവ, എസ്ര, ഗോദ തുടങ്ങിയവയാണ് ബോക്സോഫീസില്‍ കോടികള്‍ കിലുക്കിയ ചിത്രങ്ങള്‍.

രണ്ട് വന്‍വിജയങ്ങള്‍ സ്വന്തം പേരിലെഴുതിയാണ് മമ്മൂട്ടി കച്ചവടക്കണക്കുകളില്‍ മുന്നിലെത്തിയത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറും അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസുമാണ് മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്ററുകള്‍.മാസ്റ്റര്‍പീസ് ഇപ്പോഴും തീയറ്ററില്‍ തുടരുന്ന ചിത്രമാണ്. പുത്തന്‍പണവും പുള്ളിക്കാരന്‍ സ്റ്റാറായും ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. 

മോഹന്‍ലാലിന് ഒരു വലിയ വിജയചിത്രം പോയവര്‍ഷം സ്വന്തമായുണ്ട്. ജിബു ജേക്കബ് സംവിധാനം ചെയ്ത  മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തീയറ്ററുകളില്‍ ആളെക്കൂട്ടി.വില്ലനാകട്ടെ റിലീസിനു മുൻപേ ലാഭത്തിലായ സിനിമയായി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാറ്റ്‌ലൈറ്റ്  തുക ചിത്രം നേടി. റിലീസ് തീയറ്ററുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട ചിത്രം തീയറ്റർ കളക്ഷനായും കോടികൾ സ്വന്തമാക്കി.  1971 ബിയോണ്ട് ദ ബോര്‍ഡേര്‍സ്, വെളിപാടിന്‍റെ പുസ്തകം,  എന്നീ ചിത്രങ്ങള്‍ ബോക്സോഫീസിലെ മുന്‍ മോഹന്‍ലാല്‍ വിജയങ്ങളുടെ അരികിലെങ്ങും എത്തിയില്ല. 

ദിലീപിന്‍റെ രാമലീലയാണ് പോയവര്‍ഷത്തെ മറ്റൊരു വന്‍വിജയം. നായകതാരത്തിനെതിരെ പലമട്ടിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് വന്നിട്ടും സിനിമ വലിയ വിജയമായി.നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് സച്ചി.

രണ്ടു വലിയ വിജയങ്ങള്‍ പിന്നെ സ്വന്തമായുള്ളത് ഫഹദ് ഫാസിലിനാണ്. ഫഹദിന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ നിരൂപക പ്രശംസയ്ക്കൊപ്പം വലിയ വിജയങ്ങളുമായി. 

കച്ചവടക്കണക്കുകളില്‍ ജയസൂര്യക്കും ഗംഭീര വര്‍ഷം. ആടിന്‍റെ രണ്ടാം ഭാഗം വന്‍വിജയത്തിലേക്കാണ് കുതിക്കുന്നത്. ഇപ്പോഴും ചിത്രം തീയറ്ററില്‍ തുടരുകയാണ്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഭേദപ്പെട്ട വിജയമായി.

പൃഥ്വിരാജിന് എസ്രയും ദുല്‍ഖറിന് പറവയും ജോമോന്‍റെ സുവിശേഷങ്ങളും ടൊവീനോയ്ക്ക് ഗോദയും ഒരു മെക്സിക്കന്‍ അപാരതയും വിജയങ്ങള്‍ സമ്മാനിച്ചു.