പുലിമുരുകനിലെ പാട്ടുകൾ ഓസ്കര്‍ പട്ടികയില്‍; മലയാളത്തിന് അഭിമാനനേരം

2017ലെ ഓസ്കർ പുരസ്ക്കാരങ്ങളിലെ മികച്ച ഒറിജിനൽ സോങ് വിഭാഗം നോമിനേഷനുകളിൽ പുലിമുരുകനിലെ രണ്ടു ഗാനങ്ങൾ. ഗോപി സുന്ദർ ഈണം നൽകിയ കാടണിയും കാൽചിലമ്പേ, മാനത്തെ മാരിക്കുറുമ്പേ. എന്നീ ഗാനങ്ങളാണു ലോകമെമ്പാടുമുള്ള സിനിമാ ഗാനങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 70 പാട്ടുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നു പട്ടികയിലുള്ള ഗാനങ്ങൾ ഇവ മാത്രമാണ്. 

അടുത്ത വർഷം ജനുവരി 23നാണ് ഓസ്കർ നോമിനേഷൻ പ്രഖ്യാപിക്കുക. ഡൺകിർക്, ജസ്റ്റിസ് ലീഗ്, കോക്കോ, ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ്, വണ്ടർ വുമൻ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രമുഖ സിനിമകൾ. ഇന്ത്യയിൽ നിന്ന് മറ്റ് ചിത്രങ്ങൾ ഈ പട്ടികയിൽ ഇല്ലെന്നന്നുളളതും പുലിമുരുകന്റെ മാറ്റ് വർധിപ്പിക്കുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി 100 കോടി ക്ലബിൽ ഇടം പിടിച്ച മലയാളത്തിന്റെ അഭിമാന ചിത്രം ലോകത്തിന്റെ നെറുകയിൽ മലയാളത്തെ നിർത്തുമോയെന്ന് മാത്രമേ ഇനി അറിയാനുളളു.