ഇതിലും ഭേദം അണലി കടിക്കുന്നതായിരുന്നു! അണലി വൈറലാണ് യൂട്യൂബിൽ

സിനിമയുടെ സാമാന്തരമേഖലയായി വള‍ർന്നുവരുന്ന ഒന്നാണ് ഹ്രസ്വചിത്രങ്ങൾ. ജനങ്ങളെ ആകർഷിക്കുന്ന നിരവധി ഹ്രസ്വചിത്രങ്ങൾ ഈയിടെയായി നിരവധി ഇറങ്ങാറുണ്ട്. വ്യത്യസ്തത കൊണ്ട് അമ്പരപ്പിക്കുകയാണ് അണലി എന്ന ഹ്രസ്വചിത്രം. ഷോര്‍ട്ട്ഫിലിമിന്റെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത് രാത്രിയായിരുന്നു. കാറിന്റെയും മൊബൈലിന്റെയും വെളിച്ചത്തിലാണ് ഈ ഹ്രസ്വചിത്രം മനോഹരമായി ചിത്രീകരിച്ചത് എന്നതാണ് അതില്‍ പ്രധാന പ്രത്യേകത.  ഒരു പകലും ഒരു രാത്രിയും കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. വടരയിലെ പ്രദേശിക ഭാഷയാണ് ചിത്രത്തിലുടനീളം പ്രയോഗിച്ചിരിക്കുന്നത്. 

ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വചിത്രമാണ് അണലി.. ഇരിങ്ങല്‍ സ്വദേശിയായ ഫെബിന്‍ സിദ്ധാര്‍ഥാണ് കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചത്. ഒരാളെ അണലി കടിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതുവരെയുള്ള അയാളുടെ മനോവിചാരങ്ങളാണ് ഹ്രസ്വചിത്രം പറയുന്നത്. ഒരിടത്തുപോലും അണലിയെ കാണിക്കുന്നില്ലെങ്കിലും അണലി ഇപ്പോൾ കൊത്തുമായിരിക്കും എന്ന ഭയം ചിത്രീകരിക്കാൻ അണിയറകാർക്ക് സാധിച്ചിട്ടുണ്ട്. മനോജ് കെപിഎസി, അജീഷ്, മിനി, സുജിത്ത് ജി ഗിരിധര്‍, സുജിത് എന്‍.കെ, പ്രണവ് മോഹന്‍, റെജി മാവേലിക്കര എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാലക്കാട് വണ്‍ ബ്രിഡ്ജ് മീഡിയ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച പോപ്പുലര്‍ ഷോര്‍ട്ട് ഫിലിമായി അണലിയെ തിരഞ്ഞെടുത്തിരുന്നു.