സൗബിന്‍ വിവാഹിതനായി; മണവാട്ടി ജാമിയ

മലയാളത്തെ ചിരിപ്പിച്ച നടനും നല്ല സിനിമയെടുത്ത സംവിധായകനുമായ സൗബിന്‍ ഷാഹില്‍ വിവാഹിതനായി. കോഴിക്കോട്ടുകാരിയായ ജാമിയ സഹീറാണ് മണവാട്ടി. കറുപ്പും വെളുപ്പും ചേര്‍ന്ന വേഷത്തില്‍ സൗബിനും ചുവപ്പില്‍ ജാമിയയും ചടങ്ങുകള്‍ക്കെത്തി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം.  നിശ്ചയം പോലെ തീർത്തും ലളിതമായിരുന്നു വിവാഹവും. 

ഫഹദ് ഫാസിൽ നായകനായ ഫാസിൽ ചിത്രം കയ്യെത്തും ദൂരത്തിൽ അണിയറക്കാരനായാണ് തുടക്കം. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി ഈ ചിത്രം. ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. സിനിമാരംഗത്ത് നിന്ന് വളരെക്കുറച്ചുപേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

കഴിഞ്ഞ ഒന്നരമാസമായി കോഴിക്കോട്ട് ചിത്രീകരണത്തിരക്കുകളില്‍ ആയിരുന്നു സൗബിന്‍. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന  'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയായിരുന്നു സൗബിന്‍. സക്കരിയ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.