മോഹൻലാലിന് ആരാധകരുടെ ഊഷ്മള വരവേൽപ്പ്

ശരീരഭാരം കുറച്ച് പുതിയ ഗെറ്റപ്പിൽ കൊച്ചിയിൽ എത്തിയ മോഹൻലാലിന് ആരാധകരുടെ ഊഷ്മള വരവേൽപ്. നൂറു കണക്കിനാരാധകരാണ് മോഹൻലാലിന്റെ പുതിയ രൂപം നേരിൽ കാണാൻ കൊച്ചിയിലെത്തിയത്. ഇടപ്പള്ളിയിലെ മൈ ജി ഡിജിറ്റൽ വേൾഡ് ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. പുതിയ രൂപത്തിൽ മോഹൻലാൽ എത്തുന്നതറിഞ്ഞ് അതിരാവിലെ മുതൽ തന്നെ നൂറുകണക്കിന് ആരാധകർ ഇടപ്പള്ളിയിലെ മൈ ജി ഡിജിറ്റൽ വേൾഡിനു മുന്നിലെത്തിയിരുന്നു. ശരീരഭാരം കുറച്ച ശേഷം മോഹൻലാൽ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി ആയതിനാൽ കൊച്ചിക്കു പുറത്തുള്ളവരും എത്തിയിരുന്നു. വിദേശത്തു നിന്നുള്ള ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 51 ദിവസം കൊണ്ട് 18 കിലോഗ്രാം ഭാരമാണ് മോഹൻലാൽ കുറച്ചത്. എന്നാൽ ഭാരം കുറച്ചതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. 

മൈ ജി ഡിജിറ്റൽ വേൾഡിലെ ആദ്യ വിൽപന മോഹൻലാൽ നിർവഹിച്ചു. മൈ ജി ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും, തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബാണ് ഇതെന്ന് സംഘാടകർ അവകാശപ്പെടുന്നു.