കയ്യടിക്കാതെ വയ്യ, എന്നാലും ആ ‘കവിളുചാടിയ’ ലാലേട്ടന്‍..!

'ഈ മത്തങ്ങാക്കവിളും ചളിങ്ങിയ മൂക്കും ആമവാതം പിടിച്ച മാതിരി തോളുതൂക്കിയിട്ടുള്ള നടപ്പും കണ്ടാൽ പെൺപ്പിള്ളേർ വരും, അങ്ങ് ഈജിപ്തിൽ നിന്ന്. എന്റെ കിണ്ണാ ആ മൂക്ക് ഒന്ന് പൊത്തിപ്പിടി"- സംഗതി ഹരികൃഷ്ണൻസിലെ കോമഡി ഡയലോഗാണെങ്കിലും ആരാധകർക്ക് മോഹൻലാൽ എന്നാൽ ഇതൊക്കെ കൂടിയാണ്. 

കുറച്ചുകവിളുചാടിയ, തടിയുള്ള, തോളുചരിച്ചുവരുന്ന ലാലേട്ടൻ. ആ വരവ് ഒരു ഹരം തന്നെയാണ്. കാലങ്ങളായി മലയാളി കാണുന്ന രൂപം. ഒടിയനുവേണ്ടി തടികുറയ്ക്കുമെന്ന് അറിയിച്ചപ്പോഴും 'മ്മ്ടെ ലാലേട്ടൻ എന്തിനാ തടികുറയ്ക്കുന്നത്, തടിയുണ്ടെങ്കില്ലെന്താ അഭിനയം കിടു അല്ലേ' എന്നായിരുന്നു ഒരുകൂട്ടം ആരാധകരുടെ വാദം. ഭക്ഷണപ്രിയനായ സിക്സ്പാക്കിനോട് താൽപര്യമില്ലാത്ത ലാലേട്ടൻ തടികുറയ്ക്കുമെന്ന് വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല അവര്‍ക്ക്. കുറച്ചെങ്ങാനും തടികുറയ്ക്കുമെന്ന് കരുതിയ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് ഒടിയനുവേണ്ടി 18 കിലോ കുറച്ച് മോഹൻലാൽ 51 ദിവസത്തിന് ശേഷം ക്യാമറയ്ക്കുമുമ്പിൽ എത്തുന്നത്. 

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വർഷങ്ങളായി കാണുന്ന മുഖത്തിനും രൂപത്തിനും മാറ്റം വന്നത് അംഗീകരിക്കാനുള്ള സ്വാഭാവികവും സ്നേഹപൂര്‍വ്വമുള്ള മടി ചില ആരാധകർക്കുണ്ട്. കാരണം മഞ്ഞിൽവിരിഞ്ഞപൂക്കളിൽ മെലിഞ്ഞ രൂപത്തിലെത്തിയ മോഹൻലാൽ എന്ന പയ്യൻ, മലയാളികളുടെ മുമ്പിലാണ് വളർന്നത്. ഓരോ കാലഘട്ടത്തിലുമുള്ള മോഹൻലാലിനുണ്ടായ രൂപമാറ്റങ്ങൾ അംഗീകരിച്ചുകൊണ്ടാണ് മലയാളികളും മലയാളസിനിമയും വളർന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മെലിഞ്ഞ പയ്യൻ സിനിമയിൽ വളരുന്നതിന് അനുസരിച്ച് തടിയും കൂടിക്കൂടിവന്നു. സാധാരണ താരങ്ങൾ ചെയ്യുന്നത് പോലെ തടിക്കൂട്ടാനോ കുറയ്ക്കാനോ ഈ മുപ്പതുവർഷമായി മോഹൻലാൽ ശ്രമിച്ചിട്ടില്ല. ചെറിയ ചില ഇടവേളകളെടുത്ത് ആയുര്‍വേദ ചികില്‍സ കഴിഞ്ഞുള്ള മോഹന്‍ലാലിന്‍റെ 'ചുള്ളന്‍' വരവുകള്‍ ആരാധകര്‍ക്ക് ഉഷ്ടവുമായിരുന്നു.  അപ്പോഴും അവരെ സംബന്ധിച്ച് അവരുടെ ലാലേട്ടന് തടിയൊരു അലങ്കാരമാണ്. 

അധിപനിലെ, തുവാനത്തുമ്പികളിലെ, ചന്ദ്രലേഖയിലെ, കിലുക്കത്തിലെ ആ തുടുത്ത കവിളുള്ള ലാലേട്ടന് ഒരു പ്രത്യേക ഭംഗിയായിരുന്നു എന്ന് വിചാരിക്കാത്ത ഏത് ലാലാധകരുണ്ട് നമ്മുടെ നാട്ടില്‍. ബോളിവുഡ് താരങ്ങളെപ്പോലെ മോഹൻലാൽ മെലിയുന്നത് ആ ആരാധകരുടെ സങ്കൽപത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ ഒടിയൻ എന്ന സിനിമയിലെ മേക്ക്ഓവറിനുവേണ്ടി മോഹൻലാൽ എന്ന അഭിനേതാവ് എടുത്ത അധ്വാനത്തെ പ്രശംസിക്കാതെ തരമില്ല. ആ സമര്‍പ്പണത്തിന് കയ്യടിക്കാതെ വയ്യ.

51 ദിവസത്തെ കഠിനതപസ്സ് തന്നെയായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്ന്. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്. 

തടി കൂടിയാലും കുറഞ്ഞാലും മോഹൻലാൽ മോഹൻലാൽ തന്നെയാണ്. ആ അഭിനയമികവിന് മെലിച്ചിലും തടിക്കലും പ്രശ്നമല്ല. ലാലേട്ടന് ഇത്രയധികം ആയാസമനുഭവിച്ച ഒടിയൻ മാണിക്യനെ കാണാനുള്ള കാത്തിരിപ്പിന് ബലമേറുകയാണ് ഇനി.