മഹിഷ്മതിയുടെ കവാടം തുറന്നു

മഹിഷ്മതി- ശിവകാമിയും, ബാഹുബലിയും, പൽവാൽദേവനും വാണരുളിയ മഹാസാമ്രാജ്യത്തിന്റെ കവാടം ജനങ്ങൾക്കായി തുറന്നു. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്കായി ഹൈദരബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ തയാറാക്കിയ മഹിഷ്മതി രാജധാനിയുടെ പടുകൂറ്റൻ സെറ്റാണ് ജനങ്ങൾക്കായി തുറന്നത്.

സാമ്രാജ്യം കാണാൻ ഓൺലൈനായി ബുക്ക് ചെയ്യാം. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മതിയാവോളം മഹിഷ്മതി ചുറ്റിക്കാണാം. വിദ്യാർഥികൾക്കും കോർപ്പറേറ്റ് ഓഫീസുകൾക്കും പ്രത്യേകംപാക്കേജുകളുണ്ട്.

മലയാളിയായ സാബുസിറിലിന്റെ നേതൃത്വത്തിലാണ് മഹിഷ്മതി സാമ്രാജ്യം രാമോജിയിൽ കെട്ടിപടുത്തത്. സെറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്ത തീരുമാനം രാമോജി ഫിലിംസിറ്റി അധികൃതരുടേതാണ്.