കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കൊച്ചി മെട്രൊ പശ്ചാത്തലമാക്കി മലയാള സിനിമ വരുന്നു. റിമ കല്ലിങ്കലാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിലെ ഒരു പ്രമുഖ സൂപ്പർ താരം ഇ. മാധവൻ എന്ന മെട്രോമാന്റെ വേഷത്തിലും എത്തും. മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയിൽസ് ഗേൾ മെട്രോമാനെ കാണാൻ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും പെൺകുട്ടിയുടെ ജീവിതവും കൊച്ചി നഗരത്തിന്റെയും കഥയുമാണ് സിനിമയാകുന്നത്. മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന നാളെത്തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.
'അറബിക്കടലിന്റെ റാണി - ദ് മെട്രോ വുമൺ' എന്ന പേരിൽ എം.പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറിയപ്പെടുന്ന സംവിധായകനും ഒരു തിരക്കഥാകൃത്തും ഒരുമിച്ച് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഉണ്ട് ഇതിന്. കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ് ബാബുവും എം.യു. പ്രദീപും ചേർന്ന് നിർവഹിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠൻ, എഡിറ്റിങ് വിനോദ് സുകുമാരൻ, കലാ സംവിധാനം മനുജഗത്ത്. അനൂപ് മേനോൻ, അരുൺ നാരായൺ, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ഷീലു ഏബ്രഹാം, ശ്രന്ദ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. ക്രിസ്മസ് റിലീസ് ലക്ഷ്യം വയ്ക്കുന്ന ചിത്രം വി.ജി. ഫിലിംസ് ഇൻർനാഷണലാണ് നിർമിക്കുന്നത്.